ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്ത് വാരിയതോടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം. ഇംഗ്ലണ്ടിനെ മറികടന്ന് മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുമ്പോള്‍ 112 പോയന്റോടെ ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് 118 പോയിന്റായി. ആറ് പോയിന്റാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും ഇന്ത്യയ്ക്ക് ലഭിച്ചത്.

അതേസമയം ആറ് റേറ്റിങ് പോയിന്റ് നഷ്ടമായ ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടിന് ഇപ്പോള്‍ 106 പോയിന്റാണുള്ളത്. ആറാം സ്ഥാനത്തുള്ള പാകിസ്താനേക്കാള്‍ അഞ്ചു പോയിന്റിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. പാകിസ്താനാകട്ടെ നവംബര്‍ പതിനൊന്ന് മുതല്‍ ശ്രീലങ്കയ്‌ക്കെതിരെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പര കളിക്കാന്‍ ഒരുങ്ങുകയുമാണ്. ഈ പരമ്പര പാക്കിസ്താന്‍ നേടുകയാണെങ്കില്‍ ഇംഗ്ലണ്ടിന്റെ റാങ്കിങ് ഇനിയും പിന്നോട്ട് പോവും.

മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ നിലനില്‍പ്പും അത്ര സുരക്ഷിതമല്ല. വെള്ളിയാഴ്ച ഡര്‍ബനില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ തോല്‍പിച്ചാല്‍ ഇന്ത്യ വീണ്ടും നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. തോല്‍വിയാണ് ഫലമെങ്കില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് പിറകില്‍ നാലാം സ്ഥാനത്താവും. 129 പോയിന്റോടെ ഓസ്‌ട്രേലിയയും 119 പോയിന്റോടെ ശ്രീലങ്കയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.