എഡിറ്റര്‍
എഡിറ്റര്‍
വി.എസ്സിന്റെ ഹരിതരാഷ്ട്രീയ നീക്കം സി.പി.ഐ.എം(മ്മിനെ) പിന്തുണയ്ക്കുമോ?
എഡിറ്റര്‍
Friday 17th August 2012 7:39pm


എസ്സേയ്‌സ്/ഹരീഷ് വാസുദേവന്‍


മാതുഭൂമി പത്രത്തിന്റെ എഡിറ്റ് പേജില്‍ ആഗസ്റ്റ് 13 തിങ്കളാഴ്ച വി.എസ് അച്യുതാന്ദന്‍ എഴുതിയ ലേഖനം  വര്‍ത്തമാന രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രസക്തമാണ്. പരിസ്ഥിതി/ഭൂമി പ്രശ്‌നങ്ങളില്‍ കൊണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ യോജിച്ച പോരാട്ടത്തിനു തയ്യാറുണ്ടോ എന്ന വി.എസ്സിന്റെ ആഹ്വാനം ഒരു പ്രതിപക്ഷ നേതാവിന്റെ ബുദ്ധിപരമായ രാഷ്ട്രീയ നീക്കമാണ്. വെറും അഞ്ച് എം.എല്‍.എമാരുടെ മാത്രം ബലത്തില്‍ നിലനില്‍ക്കുന്ന ഒരു സര്‍ക്കാരിന്റെ കൂടെയുള്ള അഞ്ച് എം.എല്‍ .എ മാരെ വിഷയാധിഷ്ഠിതമായി കൂടെ നിര്‍ത്താനായാല്‍ കുറെക്കാലമെങ്കിലും ഈ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാകും എന്ന തിരിച്ചറിവാണ് അദ്ദേഹത്തെക്കൊണ്ട് ഈ നിലപാട് എടുപ്പിക്കുന്നത്.

Ads By Google

പാര്‍ട്ടി അച്ചടക്കം ലംഘിച്ചു പോലും പലപ്പോഴും താനുയര്‍ത്തിക്കൊണ്ടുവന്ന ഭൂമി കയ്യേറ്റ/പരിസ്ഥിതി പ്രശ്‌നങ്ങള്‍ സ്വന്തം പാര്‍ട്ടിയിലെ യുവാക്കള്‍ ആരും ഏറ്റെടുക്കാതിരുന്നപ്പോഴും അതെറ്റെടുക്കാന്‍ മുന്നോട്ടുവരുന്ന വലത് യുവ എം.എല്‍.എമാരോടുള്ള യോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുക വഴി തന്റെ മുന്‍ നിലപാടുകളെ ഒരിക്കല്‍ക്കൂടി പൊതുസമൂഹത്തിന് മുന്‍പാകെ വെക്കുകയുമാണ് വി.എസ്. ‘യോജിച്ച പോരാട്ടത്തിനു തയ്യാറുണ്ടോ’ എന്ന വി.എസ്സിന്റെ ചോദ്യം വലത് എം.എല്‍.എമാരോട് എന്നതിനേക്കാള്‍ പ്രസക്തമാകുന്നത് സ്വന്തം പാര്‍ട്ടി നേതൃത്വത്തോട് അല്ലേ എന്ന ന്യായമായ സംശയമാണ് ലേഖകന്‍ ഇവിടെ പങ്കുവെക്കുന്നത്. അങ്ങനെയെങ്കില്‍ വി.എസ്സിന്റെ നീക്കത്തെ പാര്‍ട്ടി പിന്തുണയ്ക്കുമോ എന്നും ആ നീക്കം ഈ ദുരിതകാലത്ത് പാര്‍ട്ടിയെ തുണയ്ക്കുമോ എന്നുമുള്ള ചോദ്യങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്.

‘യോജിച്ച പോരാട്ടത്തിനു തയ്യാറുണ്ടോ’ എന്ന വി.എസ്സിന്റെ ചോദ്യം വലത് എം.എല്‍.എമാരോട് എന്നതിനേക്കാള്‍ പ്രസക്തമാകുന്നത് സ്വന്തം പാര്‍ട്ടി നേതൃത്വത്തോട് അല്ലേ?

കടപ്പാട്: ഗോപീകൃഷ്ണന്‍, മാതൃഭൂമി

ടി.പി വധത്തിനു ശേഷം മിക്ക ദിവസവും സി.പി.ഐ.എം മാധ്യമ പ്രതിക്കൂട്ടിലാണ്. എല്ലായ്‌പ്പോഴും അവര്‍ ഡിഫന്‍സിലുമാണ്. മിക്ക ദിവസങ്ങളിലും ലീഡ് വാര്‍ത്തകള്‍ അവരെ ചുറ്റി പറ്റിയാണ്. പാര്‍ട്ടി നേതാക്കളും നൂറു കോടി ആസ്തിയുള്ള അതിന്റെ പ്രിന്റ്/വിഷ്വല്‍ മാധ്യമ സംവിധാനങ്ങളും മാധ്യമ വിശാരദരും മെമ്പര്‍മാരും കിണഞ്ഞു പരിശ്രമിച്ചിട്ടും ഡിഫന്‍സില്‍ നില്‍ക്കുന്ന പാര്‍ട്ടിയെ ഒഫന്‍സില്‍ ആക്കാന്‍ കഴിഞ്ഞില്ല.

നല്ലോരളവുവരെ വി.എസ്സിന്റെ നിലപാടുകളും പാര്‍ട്ടിക്കെതിരായി ഉപയോഗിക്കപ്പെട്ടു. ടി.പി. വധത്തിനു ശേഷം ആകെ രണ്ടു തവണ രണ്ടു സംഭവങ്ങളാണ് യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതും സി.പി.ഐ.എമ്മിനെ ഒഫന്‍സില്‍ കൊണ്ടുവന്നതും. ആദ്യത്തേത് നെല്‍വയല്‍ നികത്താനുള്ള മന്ത്രിസഭാ തീരുമാനം പുറത്തു (കൊണ്ടു) വന്നപ്പോഴും രണ്ടാമത്തേത് നെല്ലിയാമ്പതി ഭൂമി വിവാദവും.

നെല്‍വയലുകള്‍ നികത്താനുള്ള ഗൂഢനീക്കം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഭരണകക്ഷിയിലും പൊതുസമൂഹത്തിലും മന്ത്രിസഭയ്ക്ക്  ഉണ്ടാക്കിയ ക്ഷീണവും, സി.പി.ഐ.എമ്മിന് അതുണ്ടാക്കിയ ആശ്വാസവും അത്ര ചെറുതല്ല. പാര്‍ട്ടിയുടെ മുഴുവന്‍ സംവിധാനവും ഊര്‍ജ്ജവും ചെലവഴിച്ചു പഞ്ചായത്തുകള്‍തോറും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തിയാല്‍ പോലും കിട്ടാത്ത ഗുണമല്ലേ ഒരൊറ്റ ‘ബോംബി’ല്‍ നിന്നും ഉണ്ടായത്?

അതിന്റെ കിതപ്പില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട്, വികസന ഫോം വീണ്ടെടുത്ത് ബഹുദൂരം കുതിക്കാന്‍ തുടങ്ങിയ ഉമ്മന്‍ചാണ്ടി സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കാന്‍ കിട്ടിയ അവസരമായി ജയരാജനെ അറസ്റ്റ് ചെയതു. ടി.വി രാജേഷിനെ ചോദ്യം ചെയതു. കാര്യങ്ങള്‍ വീണ്ടും പഴയ പടി. സിപിഎം ഡിഫന്‍സിലായ ചര്‍ച്ചകള്‍.. വാര്‍ത്തകള്‍.. സംവാദങ്ങള്‍… . അപ്പോഴാണ് രണ്ടാമത്തെ സംഭവം, ‘നെല്ലിയാമ്പതി’യില്‍ ചീഫ് വിപ്പിന്റെ സ്ഥാപിത താല്‍പ്പര്യം പുറത്തു (കൊണ്ടു) വരുന്നത്. സര്‍ക്കാരിനെ  വിവാദത്തിലാക്കുന്നത്.

ടി.പി വധത്തിനു ശേഷം മിക്ക ദിവസവും സി.പി.ഐ.എം മാധ്യമ പ്രതിക്കൂട്ടിലാണ്. എല്ലായ്‌പ്പോഴും അവര്‍ ഡിഫന്‍സിലുമാണ്. മിക്ക ദിവസങ്ങളിലും ലീഡ് വാര്‍ത്തകള്‍ അവരെ ചുറ്റി പറ്റിയാണ്.

വനം കേസുകള്‍ തോല്‍ക്കുന്നതും അതില്‍ സര്‍ക്കാര്‍ ചീഫ് വിപ്പിന്റെയും നിയമവകുപ്പിന്റെയും ഇടപെടലും മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയ സാഹചര്യത്തില്‍ നിയമസഭയിലെ ഇടതുമുന്നണിയുടെ അടിയന്തിരപ്രമേയം ശരിക്കും ഏറ്റു. ലീഡ് വാര്‍ത്തകളും ഫ്‌ളാഷ് ന്യൂസുകളും സി.പി.ഐ.എമ്മിനെ  വിട്ട് പരിസ്ഥിതി പ്രശ്‌നം ഏറ്റു പിടിച്ചു. ഇടതുപാളയം ഉശാറാകുന്നു.. വലതു യുവതുര്‍ക്കികള്‍ വിഷയം ഏറ്റെടുക്കുന്നു. യു.ഡി.എഫ് സമിതിയെ മറികടന്നു നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നു. സി.പി.ഐ.എം ഡിഫന്‍സ് വിട്ട് ഒഫന്‍സിലായി ഒരു ഗോളും അടിക്കുന്നു… സര്‍ക്കാര്‍ ഇപ്പോഴും ഡിഫന്‍സില്‍, കളി തുടരുന്നു….. ഈ കളി കഴിയാവുന്നിടത്തോളം നാള്‍ തുടരുകയല്ലേ പ്രതിപക്ഷത്തിനും പാര്‍ട്ടിക്കും ഗുണം ചെയ്യുക?

എന്തിനാണ് ഭൂമി/പരിസ്ഥിതി വിഷയങ്ങളില്‍ വി.എസ് ഊന്നുന്നത്?

യു.ഡി.എഫ് മന്ത്രിസഭയിലെ പ്രധാന ഘടക കക്ഷികളാണ് മുസ്‌ലീം ലീഗും കേരള കോണ്‍ഗ്രസ് മാണിയും. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി ഇവരുടെ തടവറയില്‍ ആണെന്നാണ് ഈ തൂക്കു സര്‍ക്കാരിനെതിരായ പ്രധാന ആക്ഷേപം. കെ.എം. മാണിയുടെ പാര്‍ട്ടിക്കോ  മുസ്‌ലീം ലീഗിനോ പൊതുവില്‍ നിന്നും വ്യത്യസ്താഭിപ്രായമുള്ള, നിക്ഷിപ്ത താല്‍പ്പര്യമുള്ള വിഷയങ്ങളാണ് ഭൂമി/പരിസ്ഥിതി പ്രശ്‌നങ്ങളില്‍ അധികവും. കൊണ്‍ഗ്രസിനാകട്ടെ, അത്തരം പ്രത്യക്ഷ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഇല്ല. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ പ്രതിപക്ഷം തൂങ്ങിപ്പിടിച്ചാല്‍ കൊണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ, പ്രത്യേകിച്ചും സര്‍ക്കാരിനെ തളയ്ക്കാന്‍ കെല്‍പ്പുള്ളത്ര അംഗങ്ങളുള്ള ‘ഗ്രീന്‍ബ്രിഗേഡു’കളുടെ  പിന്തുണ ലഭിക്കുമെന്നും അതിനാല്‍ത്തന്നെ സര്‍ക്കാര്‍ ഘടക കക്ഷികളെ അനുകൂലിക്കാനോ അനുകൂലിക്കാതിരിക്കാനോ പറ്റാത്ത അവസ്ഥയിലുമാകും എന്നും  വിലയിരുത്തപ്പെടുന്നു. മറ്റു വിഷയങ്ങളില്‍ ഈ ഭരണകക്ഷി പിന്തുണയോ മാധ്യമ പിന്തുണയോ എളുപ്പമല്ല എന്നതും ഭരണത്തിലെ പ്രധാന  ഘടക കക്ഷികള്‍ക്ക് മാത്രമായി ഒരു ‘വില്ലന്‍ നിലപാട്’ ഇല്ല എന്നതുമാണ് പരിസ്ഥിതി വിഷയങ്ങളെ വ്യത്യസ്തമാക്കുന്നത്. ഹരിത രാഷ്ട്രീയമാണ് തങ്ങളുടെ അജണ്ടയെന്ന് യുവതുര്‍ക്കികള്‍ പ്രഖ്യാപിച്ചതോടെ ഇത്തരം വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ അവര്‍ക്ക് ഏറ്റെടുക്കാതെ ഒഴിയാനാകില്ല എന്ന നിലയുണ്ടായിട്ടുണ്ട്. അതവരുടെ അഭിമാന പ്രശ്‌നമാണ്.

അടുത്ത പേജില്‍ തുടരുന്നു

Advertisement