എഡിറ്റര്‍
എഡിറ്റര്‍
പോഷകാഹാര കുറവിനു കാരണം സീലിയാക്
എഡിറ്റര്‍
Monday 28th May 2012 11:57am

ന്യൂദല്‍ഹി : രാജ്യത്ത് സീലിയാക് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സീലിയാക് അഥവാ ഗോതമ്പിനോടുള്ള അലര്‍ജി എന്ന ഈ രോഗമായിരിക്കാം രാജ്യത്തെ പോഷകാഹാര കുറവിന് കാരണം എന്നും ഈ പഠനം വെളിപ്പെടുത്തുന്നു.

ഇന്ത്യയില്‍ സീലിയാക് രോഗികളുടെ എണ്ണം കൂടി കൂടി വരികയാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സും മൗലാന ആസാദ് മെഡിക്കല്‍ കോളേജും ചേര്‍ന്ന് ഈ അടുത്തിടെ ദല്‍ഹിയില്‍ നടത്തിയ പഠനത്തില്‍ എച്ച് ഐ വിഎയിഡ്‌സ് ബാധിതരെക്കാള്‍ നാലിരട്ടിയാണ് സീലിയാക് രോഗികളുടെ എണ്ണമെന്ന് കണ്ടെത്തിയിരുന്നു.

ഗോതമ്പ് കഴിക്കാനാവാത്തതുകൊണ്ട് തന്നെ പോഷകാഹാര കുറവിലേക്ക് ശരീരം പോകുന്നു. പോഷകാഹാര കുറവ്, ഉയരമില്ലായ്മ, വിളര്‍ച്ച, റിക്കെറ്റ്‌സ്, എല്ലുകള്‍ക്ക് ബലമില്ലായ്മ എന്നീ രോഗങ്ങള്‍ സീലിയാക് മൂലം ഉണ്ടാകുന്നു. സ്ത്രീകളില്‍ ആര്‍ത്തവം വൈകുന്നതിനും വന്ധ്യതയ്ക്കും ഇത് കാരണമാകുന്നു. സീലിയാക് രോഗം വ്യാപകമാണെങ്കില്‍ക്കൂടിയും അതിനെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളരെ കുറവാണ്.

മൂന്നു വയസുള്ള ഗുടിയ എന്ന കുട്ടിക്ക് ഒരു വയസിന്റെ വളര്‍ച്ചയാണുള്ളത്. രാജ്യത്ത് നിലനില്‍ക്കുന്ന താഴ്ന്ന സാമ്പത്തികാവസ്ഥയാണ് ഇതിനു കാരണം. ഗോതമ്പില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടെന്‍ എന്ന വസ്തുവിനോടുള്ള അല്ലര്‍ജിയാണ് ഗുടിയയുടെ ഈ വളര്‍ച്ചാ മുരടിപ്പിന് കാരണം. അവളുടെ അസുഖം തിരിച്ചറിയുന്നതുവരെ അവളുടെ ശരീരത്തോട് അലര്‍ജ്ജിയുള്ള ഗോതമ്പാണ് അവള്‍ക്കു കഴിക്കേണ്ടി വന്നത്.

‘അവള്‍ക്കു തുടര്‍ച്ചയായ വയറിളക്കമുണ്ടായിരുന്നു. കഴിക്കുന്നതോന്നും ദഹിക്കാത്ത അവസ്ഥ. വയറിനു സ്ഥിരമായി വേദനയുണ്ടാവുമായിരുന്നു’.ഗുടിയയുടെ അമ്മ പറയുന്നു.

സീലിയാക് രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതിനാല്‍ മരുന്ന് കമ്പനികള്‍ക്ക് ഈ രോഗത്തില്‍ യാതൊരു താല്‍പര്യവുമില്ല. അതുകൊണ്ടുതന്നെ ഈ രോഗം തിരിച്ചറിയപ്പെടാതെ പോകുകയാണ് പതിവ്. ഗോതമ്പും ഗോതമ്പുല്‍പ്പന്നങ്ങളും ഒഴിവാക്കുക എന്നത് മാത്രമാണ് ഈ രോഗത്തിനെതിരെയുള്ള പ്രതിരോധ മാര്‍ഗം.

സീലിയാക് രോഗികള്‍ക്ക് ഇരുമ്പും വിറ്റാമിനുകളും കാല്‍സ്യവുമാണ് വേണ്ടത്, മരുന്നുകള്‍ അല്ല. ഗ്ലൂട്ടാന്‍ അടങ്ങിയിട്ടുള്ള ഗോതമ്പ്, ഓട്ട്‌സ്, റയ് എന്നീ ധാന്യങ്ങളും, ബാര്‍ലി, നെല്ലരി, ചോളം എന്നിവയും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടിവരും. പയര്‍ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചണ, സോയ എന്നിവയില്‍ ഗ്ലൂട്ടാന്‍ അടങ്ങിയിട്ടില്ല.

പോഷകാഹാര കുറവുള്ള കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യ എന്നാണ് യുണിസെഫിന്റെ കണ്ടെത്തല്‍. സീലിയാക് രോഗങ്ങളാണ് ഇതിനു കാരണം എന്ന് വിദഗ്ധര്‍ ഇപ്പോള്‍ അവകാശപ്പെടുന്നു. ഈ രോഗത്തെ കുറിച്ചും അതിന്റെ ചികിത്സയെ കുറിച്ചും അവബോധം നല്‍കാനാണ് ആണ് ഇപ്പോള്‍ ദല്‍ഹിയിലെ ഡോക്ടര്‍മാരുടെ ശ്രമം.

 

 

Advertisement