കോഴിക്കോട്: മദ്യശാലയില്‍ ക്യൂനിന്ന സ്ത്രീയെ മര്‍ദ്ദിക്കുന്നത് പുരുഷന്റെ ധാര്‍ഷ്ട്യമാണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. വിമാനം പറപ്പിക്കുകയും റോക്കറ്റ് വിക്ഷേപിക്കുകയും നാസയില്‍ പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്ന സ്ത്രീകള്‍ക്ക് എന്തുകൊണ്ട് മദ്യശാലയില്‍ ക്യൂനിന്നുകൂടെന്നും അദ്ദേഹം ചോദിച്ചു. സി.പി.ഐ.എം 20ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സാസ്‌ക്കാരികോത്സവത്തില്‍ ആദരായണം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളി സ്ത്രീ സൈദ്ധാന്തികമായി ശാക്തീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കായികമായി കരുത്താര്‍ജിച്ചിട്ടില്ല. ടി.ടി.ഇ അപമാനിക്കുമ്പോള്‍ അവര്‍ കായികശക്തി പ്രയോഗിക്കണം. ദല്‍ഹിയിലൊക്കെ സ്ത്രീകളെ സംരക്ഷിക്കുമെന്നതിന്റെ പ്രതീകമായി നടത്തുന്ന രക്ഷാബന്ധന്‍ ചടങ്ങ് കേരളത്തിലാണ് ഏറ്റവും ആവശ്യമെന്ന് മുകുന്ദന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷ വളര്‍ത്തിയെടുക്കാന്‍ എഴുത്തുകാര്‍ തയ്യാറാകണം. സായിപ്പിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുമായിരുന്നിട്ടും സ്വന്തം ജനങ്ങളുടെ ഭാഷയില്‍ സംസാരിച്ചാണ് യു.പിയില്‍ അഖിലേഷ് വിജയക്കൊടി നാട്ടിയത്. ഇന്ന് നമ്മെ അസ്വസ്ഥമാക്കുന്ന പ്രധാനപ്രശ്‌നം മറവിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നിട്ട വഴികളേയും ചരിത്രത്തേയുമൊന്നും ഓര്‍ക്കാന്‍ ആര്‍ക്കും നേരമില്ല.

തങ്ങളുടേയൊക്കെ കാലത്ത് യുവാക്കളുടെ ചുണ്ടുകളില്‍ ആശാന്റേയും വൈലോപ്പിള്ളിയുടേയുമൊക്കെ കവിതകളായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് കൊലവറി യായിരിക്കുന്നു. ഇതുപോലുള്ള അര്‍ഥശൂന്യമായ പാട്ടുകള്‍ കൊണ്ടുനടക്കുന്ന യുവത്വത്തിന് എങ്ങിനെ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

Malayalam news

Kerala news in English