എഡിറ്റോ- റിയല്‍ /ബാബു ഭരദ്വാജ്

ഴിഞ്ഞവര്‍ഷം ഇതേ കാലത്തായിരിക്കണം ഈജിപ്തില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് തനിക്ക് മുസ്‌ലീം ലോകത്തോടുള്ള സ്‌നേഹം പ്രഖ്യാപിച്ചത്. ഫലസ്തീന്‍ എന്നൊരു രാജ്യം ഉണ്ടായതിനെ അമേരിക്കന്‍ ആഗ്രഹമായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു കൊല്ലത്തിനുശേഷം പൂച്ച് പുറത്തു ചാടിയിരിക്കുന്നു. കണ്ണടച്ചുമാത്രം പാലു കുടിക്കുക എന്ന സ്വഭാവം ശീലമാക്കിയ വെളുത്ത നാട്ടിലെ കറുത്ത പൂച്ചയാണ് താനെന്ന് ഒബാമ സംശയരഹിതമായി വീണ്ടും തെളിയിച്ചിരിക്കുന്നു. ഫലസ്തീന്‍ എന്ന ഒരു സ്വാതന്ത്ര്യ പരമാധികാരം രാജ്യം ഉണ്ടാവുന്നതിനെ അമേരിക്ക എന്തു വിലകൊടുത്തും എതിര്‍ക്കുമെന്നതാണ് ഫലസ്തീനിന് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നേടാനുള്ള അപേക്ഷ സുരക്ഷാസമിതിയില്‍ വീറ്റോ ചെയ്യുന്നുവെന്ന പ്രഖ്യാപനത്തിലൂടെ അമേരിക്ക നടത്തിയിരിക്കുന്നത്.

ഗ്യാലറിയില്‍ ലോകത്തിന്റെ കളികണ്ടുകൊണ്ടിരിക്കുന്ന ഒരു കാണിയായി മാത്രമേ ഫലസ്തീനിനെ കാണാന്‍ അമേരിക്കയ്ക്ക് കഴിയൂ എന്നാണിതിന്റെ അര്‍ത്ഥം. ഫലസ്തീനിന്റെ സുരക്ഷാസമിതി പ്രമേയത്തെ വീറ്റോ ചെയ്യുന്നതുവഴി നാല്പത്തിമൂന്നാമത്തെ തവണയായിരിക്കും അമേരിക്ക ഇസ്രായേലിന്റെ സയോണിസ്റ്റ് അതിക്രമങ്ങളെ ലോകസംഘടനയില്‍ വീറ്റോവഴി ന്യായീകരിക്കരുത്.

മധ്യപൂര്‍വ്വദേശത്തെ രക്ഷകനായും സമാധാനദൂതനായും സ്വയം വേഷം കെട്ടുന്ന അമേരിക്കയുടെ യഥാര്‍ത്ഥമുഖം ഒരിക്കല്‍കൂടി വെളിവാകുകയാണ് ചെയ്യുന്നത്. അവരുടെ ദല്ലാള്‍ പണി ഇനി അധികകാലം അറബ് ജനത പൊറുത്തെന്നുവരില്ല. 1970 മുതല്‍ അമേരിക്ക മധ്യപൂര്‍വദേശങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന നാടകത്തിന് കൂക്കുവിളിയോടെ തിരശ്ശീല വീഴാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. അതുകൊണ്ടൊന്നും അമേരിക്ക അതിന്റെ അധിനിവേശ നയതന്ത്രത്തില്‍ നിന്ന് പിന്‍തിരിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അമേരിക്കയുടെ സമാധാന ശ്രമത്തില്‍ ലോകമെങ്ങും അക്ഷമ പടര്‍ന്നു പിടിക്കുകയാണ്.

അമേരിക്കയെ നല്ലൊരു ഇടനിലക്കാരനായി ഫലസ്തീനികള്‍ ഒരുകാലത്തും കണക്കാക്കിയിട്ടില്ല. എന്നാല്‍ ഇസ്രായേലിനെ ഒരു സമാധാന സംഭാഷണ യോഗത്തിലെത്തിക്കാന്‍ അമേരിക്കയ്ക്കും ഒബാമയ്ക്കും കഴിയുമെന്ന് കരുതിയിരിക്കുന്ന സത് മാനസര്‍ അറബ് ലോകത്ത് നിരവധിയുണ്ട്. അവരെക്കൂടിയാണ് ഒബാമ ഇപ്പോള്‍ നിരാശപ്പെടുത്തിയിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയില്‍ ഒബാമ നടത്തിയ പ്രസംഗത്തില്‍ ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ അമേരിക്ക പരാജയപ്പെട്ടുവെന്ന് ഒബാമ തന്നെ തുറന്നുസമ്മതിക്കുന്നു. എന്നാല്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് ഒബാമ പറയുന്നില്ല. ഇടനിലക്കാരന്റെ ഇസ്രായേലി പക്ഷപാതം തുറന്നു പറയുന്നതില്‍ എന്തോ മനസ്താപം ഉണ്ടാവണം.

ഇസ്രായേലി സര്‍ക്കാരിനും അധികകാലം ഫലസ്തീനുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാവില്ല. അതിന്റെ മണ്‍കാലുകളും ഇളകികൊണ്ടിരിക്കുകയാണ്. ലോകസമൂഹത്തിന്റെ സമ്മര്‍ദ്ദം കാരണമല്ല ഈ ഇളക്കം. അറബ് വസന്തത്തിന്റെയും മുല്ലപ്പൂവിന്റെയും മണമാണ് കാരണം. സ്വന്തം രാജ്യത്തെ ഭരണകൂടങ്ങളെ തകര്‍ത്തെറിയാന്‍ കെല്‍പ്പുള്ള അറബ് ജനതയ്ക്ക് അവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയായി എന്നും നിലകൊള്ളുന്ന സയോണിസ്റ്റ് ഭീകരതയേയും തൂത്തെറിയാന്‍ കഴിയുമെന്ന തിരിച്ചറിവ് ഇസ്രായേലി ഭരണകൂടത്തിനുണ്ടാവാതെ തരമില്ല.

ഇതുവരെ ഇസ്രായേലിനെ മൗനമായി പിന്തുണച്ച അറബ് രാജവംശങ്ങള്‍ ഇല്ലാതാവുന്നതോടെ ഫലസ്തീന്‍ പ്രശ്‌നത്തിന്റെ വര്‍ഷങ്ങളായുള്ള ശിശിരകാലം അവസാനിക്കാന്‍ പോവുകയാണ്. ഈ കുഴമറിച്ചിലുകള്‍ക്കിടയിലാണ് ഇസ്രായല്‍ കയ്യേറിയ ഭൂരിഭാഗങ്ങളും മറ്റുമടങ്ങിയ ഭൂപടം അടിസ്ഥാനമാക്കി അവര്‍ കയ്യേറി സൃഷ്ടിച്ച അതിരുകള്‍ സുരക്ഷിതമാക്കി സമാധാന ചര്‍ച്ചകളിലേക്ക് പ്രവേശിക്കാന്‍ ഒബാമ ഫലസ്തീനെ നിര്‍ബന്ധിക്കുന്നത്. 1967ന് ശേഷമുള്ള എല്ലാ കയ്യേറ്റങ്ങളേയും റദ്ദാക്കി, അതിനുശേഷം എല്ലാ സെറ്റില്‍മെന്റുകളും പൊളിച്ചുനീക്കി കിഴക്കന്‍ ജറുസലേമിന്റെ പരമാധികാരം ഫലസ്തീനികള്‍ ഇനി തയ്യാറാവുകയുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം. അതാണതിന്റെ ശരി. ആ ശരിയിലേക്ക് യാത്രചെയ്യാന്‍ ഫലസ്തീന്‍ ജനത ഒരുങ്ങിക്കഴിഞ്ഞു.