ലണ്ടന്‍: മുസ്‌ലിം വിരുദ്ധ അമേരിക്കന്‍ സിനിമയ്‌ക്കെതിരെയുള്ള പ്രക്ഷോഭം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. ഇന്നലെ ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് നേരെ ശക്തമായ ആക്രമണമാണ് ഉണ്ടായത്.

ലണ്ടനില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. അമേരിക്കയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

Ads By Google

തുര്‍ക്കിയില്‍ അമേരിക്കന്‍ പതാക കത്തിച്ചായിരുന്നു പ്രതിഷേധക്കാര്‍ സമരം നടത്തിയത്. അമേരിക്കന്‍ എംബസിയിലേക്ക് നടത്തിയ പ്രതിഷേധ റാലി പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി.

പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

അതിനിടെ പാക്കിസ്ഥാനില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കറാച്ചിയില്‍ രണ്ട് പൊലീസ് സ്‌റ്റേഷനുകള്‍ പ്രക്ഷോഭകാരികള്‍ തീയിട്ടു.

സിനിമ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുഡാന്‍, സിറിയ, ടുണീഷ്യ, ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും പ്രതിഷേധം തുടരുകയാണ്.

അതിനിടെ ഇസ്‌ലാം വിരുദ്ധസിനിമയ്‌ക്കെതിരെയുള്ള പ്രക്ഷോഭം രൂക്ഷമാക്കാനും യു.എസ് എംബസികളെ ആക്രമിക്കാനും അല്‍ഖ്വയ്ദ ആഹ്വാനം ചെയ്തു. ഇതേത്തുടര്‍ന്ന് വിവിധ മുസ്‌ലിം രാജ്യങ്ങളിലെ യു.എസ്, പാശ്ചാത്യ എംബസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

സുഡാനിലെയും ടുണീഷ്യയിലെയും എംബസികളിലെ സ്റ്റാഫില്‍ ഭൂരിഭാഗത്തെയും യു.എസ് പിന്‍വലിച്ചു. ലിബിയ, യെമന്‍, സുഡാന്‍ എന്നിവിടങ്ങളിലെ യു.എസ് എംബസി സ്റ്റാഫിന്റെ സുരക്ഷയ്ക്കായി മറീന്‍ ഭടന്മാരെ അയയ്ക്കാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചെങ്കിലും യെമനും സുഡാനും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഇതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സൈന്യത്തിന് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ അറിയിച്ചു.