മിര്‍പൂര്‍: ആവേശപ്പോരാട്ടത്തിന്റെ വെടിക്കെട്ടിന് കാതോര്‍ത്ത ക്രിക്കറ്റ് ആരാധകര്‍ക്ക് അല്‍പ്പം നിരാശ സമ്മാനിച്ച ആദ്യ ക്വാര്‍ട്ടറില്‍ പാക്കിസ്ഥാന് പത്തുവിക്കറ്റ് ജയം. കളിയുടെ സമസ്തമേഖലകളിലും വെസ്റ്റിന്‍ഡീസിനെ നിഷ്പ്രഭമാക്കിയാണ് പാക് ടീം സെമിയിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുന്നത്. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 112, പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 113. വീന്‍ഡീസിനെ തുടക്കത്തിലേ തകര്‍ച്ചയിലേക്ക് തള്ളിയിട്ട മുഹമ്മദ് ഹഫീസാണ് കളിയിലെ താരം.

നാണംകെട്ട് വീന്‍ഡീസ്
പാരമ്പര്യം ഏറെ അവകാശപ്പെടാനുണ്ടെങ്കിലും കരീബിയന്‍ പടയുടെ സമീപകാലപ്രകടനങ്ങള്‍ നിരാശാജനകമായിരുന്നു. എങ്കിലും മികച്ച ചെറുത്തുനില്‍പ്പ് പ്രകടിപ്പിക്കുമെന്ന സ്വപ്‌നവുമായി മിര്‍പൂരിലെത്തിയ ആരാധകരുടെ മനസിലേക്ക് വീന്‍ഡീസ് തീ കോരിയിട്ടു. ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ മനസുകാണിക്കാതിരുന്ന വീന്‍ഡീസ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു.

സര്‍വന്‍ (24), ചന്ദര്‍പോള്‍ (44*), റോച്ച് (16) എന്നിവര്‍ മാത്രമാണ് വീന്‍ഡിസ് നിരയില്‍ രണ്ടക്കം കടന്നത്. ഗെയ്ല്‍ എട്ടുറണ്‍സിനും സ്മിത്ത് ഏഴു റണ്‍സിനും കൂടാരം കയറി.

സ്പിന്‍-പേസ് മികവില്‍ പാക്കിസ്ഥാന്‍
ബൗളിംഗ് മികവിലാണ് പാക്കിസ്ഥാന്‍ വീന്‍ഡിനെ തകര്‍ത്തത്. നിര്‍ണായക തീരുമാനങ്ങളിലൂടെ ക്യാപ്റ്റന്‍ അഫ്രീഡി ടീമിനെ അമരത്തു നിന്നു നയിച്ചു. ഓപ്പണിംഗ് ബൗളിംഗില്‍ ഉമര്‍ ഗുല്ലിനൊപ്പം ഹഫീസിനെ നിയോഗിച്ച അഫ്രീഡിക്ക് പിഴച്ചില്ല. മികച്ച ലൈനും ലെംഗ്തിലും പന്തെറിഞ്ഞ പാക്കിസ്ഥാന്റെ പേസ്-സ്പിന്‍ നിര വീന്‍ഡിസിനെ തകര്‍ത്തെറിയുകയായിരുന്നു.

പത്തോവറില്‍ 16 റണ്‍സ് വഴങ്ങി ഹഫീസ് രണ്ടുവിക്കറ്റെടുത്തപ്പോള്‍ ഏഴോവറില്‍ 13 റണ്‍സ് വഴങ്ങി ഗുല്‍ ഒരുവിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ അഫ്രീഡി ഇത്തവണയും പന്തുകൊണ്ട് മായാജാലം കാട്ടി. 9.3 ഓവറില്‍ 30 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തിയ അഫ്രീഡി വീന്‍ഡീസിന്റെ തകര്‍ച്ച വേഗത്തിലാക്കി.

ഓപ്പണര്‍മാരിലൂടെ ജയം
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ വേഗത്തില്‍ കളി അവസാനിപ്പിക്കാനുള്ള മൂഡിലായിരുന്നു. കമ്രാന്‍ അക്മലും (47*) ഹഫീസും (61*) ചേര്‍ന്ന് 20.5 ഓവറില്‍ പാക്കിസ്ഥാനെ വിജയതീരമണിയിച്ചു. ഇന്ന് നടക്കുന്ന ഇന്ത്യാ-ആസ്‌ട്രേലിയ മല്‍സരത്തിലെ വിജയികളെയാവും പാക്കിസ്ഥാന്‍ സെമിയില്‍ നേരിടുക.