പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം റുണാകോ മോര്‍ട്ടന്‍ (33)കാറപകടത്തില്‍ കൊല്ലപ്പെട്ടു. റുണാകോ മോര്‍ട്ടന്‍ സഞ്ചരിച്ച കാര്‍ മധ്യ ട്രിനിഡാഡിലെ ചേസ് ഗ്രാമത്തിനടുത്തു വച്ചാണ് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ട്രിനിഡാഡില്‍ ചേസ് വില്ലേജിലുള്ള സോളമന്‍ ഹൊകോയ് ഹൈവേയിലായിരുന്നു ഞായറാഴ്ച രാത്രി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അപകടം. ഒരു ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേയായിരുന്നു മോര്‍ട്ടന്‍ അപകടത്തില്‍പെട്ടത്.

മോര്‍ട്ടര്‍ വെസ്റ്റിന്‍ഡീസിനുവേണ്ടി 15 ടെസ്റ്റുകളും 56 ഏകദിനമത്സരങ്ങളും ഏഴ് ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2010 ഫിബ്രവരി 23ന് ഓസ്‌ട്രേലിയക്കെതിരെ ട്വന്റി 20 മത്സരത്തിലാണ് ഏറ്റവുമൊടുവില്‍ വിന്‍ഡീസിനുവേണ്ടി കളിച്ചത്.

ടെസ്റ്റില്‍ 22.03 ശരാശരിയോടെ 573 റണ്‍സും ഏകദിനത്തില്‍ രണ്ട് സെഞ്ച്വറികളും പത്ത് അര്‍ധസെഞ്ച്വറികളുമടക്കം 1519 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ടശേഷം പൂജ്യത്തിന് പുറത്തായ ബാറ്റ്‌സ്മാനെന്ന റെക്കോഡ് മോര്‍ട്ടന്റെ പേരിലാണ്. 2006ല്‍ ഓസ്‌ട്രേലിയക്കെതിരെ 31 പന്തുകള്‍ നേരിട്ട് മോര്‍ട്ടന്‍ റണ്ണെടുക്കാതെ മടങ്ങുകയായിരുന്നു.

വിവാദങ്ങളും കരിയറില്‍ പലകുറി മോര്‍ട്ടനെ തേടിയെത്തി. അച്ചടക്കം ലംഘിച്ചതിന് 2001ല്‍ വെസ്റ്റിന്‍ഡ്യന്‍ അക്കാദമിയില്‍നിന്ന് പുറത്താക്കപ്പെട്ട താരം, 2002ല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍നിന്ന് വിട്ടുനിന്നതും വിവാദമായി. മുത്തശ്ശി മരണപ്പെട്ടുവെന്ന് കള്ളം പറഞ്ഞായിരുന്നു ടീമില്‍നിന്ന് പിന്മാറിയത്. 2004 ജനുവരിയില്‍ ഒരു കത്തിക്കുത്ത് കേസില്‍ അറസ്റ്റുചെയ്യപ്പെട്ടിരുന്നു.

2005 ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരേ കൊളംബോയിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2002 ഫെബ്രുവരി 15 ന് പാകിസ്താനെതിരേ ഷാര്‍ജയില്‍ ഏകദിന അരങ്ങേറ്റം നടത്തി. 2006 ലായിരുന്നു ട്വന്റി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. ഓക്ലന്‍ഡില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡായിരുന്നു എതിരാളികള്‍.

ഒട്ടേറെ താരങ്ങളും സംഘാടകരും മരണത്തില്‍ അനുശോചനമറിയിച്ചു. കളത്തില്‍ തളരാത്ത പോരാളിയായ റുനാകോയുടെ മരണം കരീബിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചതായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് യൂലിയന്‍ ഹണ്ട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ക്രിസ്‌ഗെയ്ല്‍, കെവിന്‍ പീറ്റേഴ്‌സണ്‍, കാര്‍ലോസ് െ്രെബ്ധ്വയ്റ്റ്, ഡ്വെയ്ന്‍ ബ്രാവോ, വേവല്‍ ഹൈന്‍ഡ്‌സ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വിറ്ററിലൂടെയും മറ്റും അനുശോചനം രേഖപ്പെടുത്തി.

17 വര്‍ഷം നീണ്ട് ഫസ്റ്റ് ക്ലാസ് കരിയറില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, ലീവാര്‍ഡ് ഐലന്‍ഡ്‌സ്, നെവിസ് ടീമുകള്‍ക്കു വേണ്ടി മോര്‍ട്ടര്‍ കളിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 1978 ജൂലൈ 22 ന് നെവിസിലാണു ജനനം. നെവിസില്‍നിന്നു രാജ്യാന്തര തലത്തിലേക്കു വന്ന ചുരുക്കം ക്രിക്കറ്റര്‍മാരില്‍ ഒരാളാണു മോര്‍ട്ടന്‍.

Malayalam News

Kerala News In English