കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം അടുത്ത മന്ത്രിസഭാ യോഗത്തില്‍ വെക്കുമെന്ന് ബംഗാള്‍ തൊഴില്‍ മന്ത്രി പൂര്‍ണേന്ദു ബോസ് വ്യക്തമാക്കി.

ഇത് പ്രാബല്യത്തില്‍ വന്നാല്‍ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സമരം ചെയ്യാന്‍ സാധിക്കില്ല. ട്രേഡ് യൂണിയനിലൂടെ ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇതോടെ ഇല്ലാതാക്കപ്പെടും. പോലീസ് അസോസിയേഷനുകളുടെ അംഗീകാരവും റദ്ദാക്കിയിട്ടുണ്ട്.

രാഷ്ട്രീയ പിന്‍ബലമുള്ള തൊഴിലാളി യൂണിയനുകള്‍ക്കാണ് മമതാ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. 57 സംഘടനകളിലായി ഒന്‍പത് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോള്‍ ബംഗാളില്‍ ട്രേഡ് യൂണിയനുകളില്‍ അംഗങ്ങളായുണ്ട്.

ബംഗാള്‍ സര്‍ക്കാരിന്റെ നടപടി ഏകാധിപത്യപരമാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ നീക്കം സാമൂഹിക വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ജി.ദേവരാജന്‍ പ്രതികരിച്ചു.

1981ല്‍ ഇടുമുന്നണി ഭരിക്കുമ്പോഴാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടന രൂപീകരിക്കാന്‍ അനുമതി നല്‍കിയത്. ഇത് ഭേദഗതി ചെയ്യാനാണ് മമതയുടെ നീക്കം.

ഇത് നടപ്പായിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിഷേധിക്കാനോ സമരം ചെയ്യാനോ ധര്‍ണ്ണ നടത്താനോ നിരാഹാരമിരിക്കാനോ സാധിക്കില്ല.

Malayalam News
Kerala News in English