എഡിറ്റര്‍
എഡിറ്റര്‍
ബംഗാള്‍ ലൈബ്രറികളില്‍ സി.പി.ഐ.എം പത്രത്തിന് നിരോധനം: സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം
എഡിറ്റര്‍
Thursday 29th March 2012 10:14am

കൊല്‍ക്കത്ത: സര്‍ക്കാര്‍ ലൈബ്രറികളില്‍ ചില പത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ പശ്ചിമബംഗാള്‍ സര്‍ക്കാറിന്റെ നടപടിക്കെതിരെ രാഷ്ട്രീയതലത്തിലും സാമൂഹ്യതലത്തിലും പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍ ആഭിമുഖ്യത്തിലും സഹായത്തിലും പ്രവര്‍ത്തിക്കുന്ന ലൈബ്രറികളില്‍ ഇംഗ്ലീഷ് പത്രങ്ങളും സി.പി.ഐ.എമ്മിന്റേതുള്‍പ്പെടെ വന്‍ പ്രചാരമുള്ള ഭാഷാ പത്രങ്ങളും നിരോധിച്ചുകൊണ്ടുള്ള ബംഗാള്‍ സര്‍ക്കാറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

തീരുമാനം പിന്‍വലിക്കാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് മാസ് എഡ്യുക്കേഷന്‍ ആന്റ് ലൈബ്രറി സര്‍വീസസ് മന്ത്രി അബ്ദുള്‍ കരീം ചൗധരി വ്യക്തമാക്കി.

നിരോധനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച എട്ട് പത്രങ്ങള്‍ മാത്രമേ ലൈബ്രറികളില്‍ അനുവദനീയമാകൂ. ഇതില്‍ ഒരു ഇംഗ്ലീഷ് പത്രം പോലും ഉള്‍പ്പെട്ടിട്ടില്ല. അഞ്ച് ബംഗാളി പത്രങ്ങളും രണ്ട് ഉറുദു പത്രങ്ങളും ഒരു ഹിന്ദി പത്രവുമാണ് ലൈബ്രറികളില്‍ അനുവദിച്ചിട്ടുള്ളത്.

രാഷ്ട്രീയപാര്‍ട്ടികളുടെ പത്രങ്ങളോ മാസികകളോ വാങ്ങാന്‍ സര്‍ക്കാര്‍ ഫണ്ട് ചിലവഴിക്കരുതെന്നും വിജ്ഞാപനത്തിലുണ്ട്. സി.പി.ഐ.എമ്മിന്റെ മുഖപത്രമായ ‘ഗണശക്തി’ മാത്രമാണ് ഈ ഉത്തരവുപ്രകാരം നിരോധിക്കപ്പെട്ട ഏക പാര്‍ട്ടി പത്രം. മമതയുടെ നടപടി സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും ബുദ്ധിജീവികളുടെയും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി.

ഉത്തരവ് ഫാസിസമാണെന്നും സെന്‍സര്‍ഷിപ്പിനേക്കാള്‍ ഭീകരമാണെന്നും സി.പി.ഐ.എം. നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ മുറിപ്പെടുത്താന്‍ മാത്രമേ ഈ നടപടി ഉതകൂ എന്ന് കോണ്‍ഗ്രസ് എം.എല്‍.എ. അസിത് മിത്ര പറഞ്ഞു. സര്‍ക്കാറിന്റെ നിയന്ത്രണമില്ലാതെ വായനക്കാര്‍ക്കാവശ്യമായ പത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ലൈബ്രറികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടു.

Malayalam News

Kerala News in English

Advertisement