എഡിറ്റര്‍
എഡിറ്റര്‍
രാജീവ് ഗാന്ധി വധം: തെളിവുകള്‍ പൂഴ്ത്തിയെന്ന ആരോപണം എം.കെ നാരായണന്‍ നിഷേധിച്ചു
എഡിറ്റര്‍
Friday 2nd November 2012 1:00pm

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധത്തിന്റെ നിര്‍ണായക തെളിവുകള്‍ പൂഴ്ത്തിവെച്ചന്ന ആരോപണം  മുന്‍ മുന്‍ ഐ.ബി മേധാവിയും നിലവിലെ ബംഗാള്‍ ഗവര്‍ണറുമായ എം.കെ നാരായണന്‍ നിഷേധിച്ചു.

രാജീവ് ഗാന്ധി വധത്തിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ. രഘൂത്തമനായിരുന്നു നാരായണനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

Ads By Google

രഘുത്തമന്‍ എഴുതിയ ‘കോണ്‍സ്പിറസി ടു കില്‍ രാജീവ് ഗാന്ധിഫ്രം സി.ബി.ഐ ഫയല്‍’ എന്ന പുസ്തകത്തിലാണ് നാരായണനെതിരെ ആരോപണമുള്ളത്.

പുസ്തകത്തിന്റെ വില്‍പ്പനയ്ക്കായിട്ടാണ് ഇത്തരം പരാമര്‍ശങ്ങളെന്നാണ് എം.കെ നാരായണന്റെ പ്രതികരണം. അന്വേഷണം അവസാനിപ്പിച്ച കേസിനെ കുറിച്ച് തനിക്കൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീപെരുമ്പത്തൂരിലെ സംഭവസ്ഥലത്തേക്ക് രാജീവഗാന്ധിയെത്തുന്നതിന് മുമ്പ് ബെല്‍റ്റ് ബോംബുമായി കാത്തുനിന്ന തനുവിന്റെ വീഡിയോ ദൃശ്യമാണ് മുക്കിയത്. ഇക്കാര്യം അറിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ടി.ആര്‍ കാര്‍ത്തികേയന്‍ എം.കെ നാരായണനെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

രാജീവ്ഗാന്ധി എത്തുന്നതിന് രണ്ടര മണിക്കൂറിന് മുമ്പ് തന്നെ ശിവരശനും സംഘവും പരിസരത്തുണ്ടായിരുന്നു. രാജീവ്ഗാന്ധി എത്തിയതിന് ശേഷമാണ് തനു ആളുകള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയതെന്ന തമിഴ്‌നാട് പോലീസിന്റെ കള്ളവാദം ബലപ്പിക്കാനാണ് വീഡിയോ ദൃശ്യം ഒളിപ്പിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു.

സംഭവസ്ഥലത്തുവെച്ച് തനു ആരൊക്കെയായി സംസാരിച്ചുവെന്ന തെളിവും നശിപ്പിക്കണമായിരുന്നു. കേസ് ആദ്യം അന്വേഷിച്ച സംഘത്തിന്റെ തലവനായിരുന്നിട്ടും കാര്‍ത്തികേയന്‍ തന്നെ അവിശ്വസിച്ചുവെന്നും തെളിവ് നഷ്ടപ്പെട്ട കാര്യം അറിയിച്ചിട്ടും അതിനെ അവഗണിക്കുകയായിരുന്നെന്നും രഘൂത്തമന്‍ പറയുന്നു.
കൊലപാതകത്തിന് ശേഷം വന്ന ദൂരദര്‍ശന്‍ ന്യൂസ് ബുള്ളറ്റിനിലും തമിഴ്‌നാട് പോലീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നതായും പുസ്തകത്തില്‍ പറയുന്നു.

Advertisement