റോഹ്തക്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ സോണിപതിലെ ആശ്രമത്തില്‍ നിന്നു ആയുധങ്ങള്‍ കണ്ടെത്തി. ലാത്തിയുള്‍പ്പെടെയുള്ള ആയുധങ്ങളാണ് പൊലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.


Also Read: ‘അയാളെ തൂക്കിലേറ്റണം’; ഗുര്‍മീതിനെതിരെ പ്രകടനവുമായി വാരണാസിയിലെ സന്യാസിമാര്‍


സോണിപതിലെ ദേരാ സച്ചാ സൗധാ ശ്രമത്തില്‍ മണ്ണിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെയുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പൊലീസ് നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

മണ്ണിനടിയില്‍ രണ്ടരയടി താഴ്ചയിലായിരുന്നു ലാത്തികളും വടികളും അടങ്ങുന്ന ആയുധങ്ങള്‍ ഒളിപ്പിച്ചത്. ആയുധം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ആശ്രമപരിസരത്തെ മണ്ണ് നീക്കി പൊലീസ് തെരച്ചില്‍ നടത്തുകയാണെന്നും നിരവധി പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ടെന്നും റോഹ്തക് ഐ.ജി നവദ്വീപ് സിങ് വിര്‍ക് പറഞ്ഞു.

ഗുര്‍മീത് കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ചയായിരുന്നു കോടതി കണ്ടെത്തിയത്. കോടതി വിധിയെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ കലാപം ആരംഭിച്ചിരുന്നു. വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 36 പേരാണ് കൊല്ലപ്പെട്ടത്.


Dont Miss: മന്ത്രി തോമസ് ചാണ്ടിക്കെതിരായ അഴിമതി ആരോപണം വാര്‍ത്തയാക്കി അറബ് മാധ്യമം


സുരക്ഷാകാരണങ്ങളാല്‍ റോഹ്തക്കിലെ ജയിലില്‍ തയ്യാറാക്കിയ പ്രത്യേക മുറിയില്‍ നിന്നായിരുന്നു ഇന്നലെ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വിധിക്ക് പിന്നാലെ ഗുര്‍മീതിന് ലഭിച്ച ശിക്ഷയില്‍ താന്‍ സംതൃപ്തയല്ലെന്ന് ബലാത്സംഗത്തിനിരയായ യുവതി പ്രതികരിച്ചിരുന്നു.