കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടിയുടെ സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇന്നലെ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്നു.

മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കാനും വോട്ടുബാങ്ക് രാഷ്ട്രീയവും വെല്‍ഫെയര്‍ പാര്‍ട്ടിക്കില്ല. എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പുനല്‍കുന്ന ക്ഷേമരാഷ്ട്രമാണ് ലക്ഷ്യം. വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളുടെയും നേതാക്കളുടെയും സ്വത്ത് ആര്‍ക്കും ഏതുസമയവും പരിശോധിക്കാമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു.

Subscribe Us:

ചൂഷണമുക്തവും എല്ലാവര്‍ക്കും തുല്യതയും സ്വാതന്ത്ര്യവും നല്‍കുന്നതുമായ പുതിയ ഇന്ത്യയെ നിര്‍മിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേശീയ വൈസ് പ്രസിഡന്റ് ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നേടാവുന്നതോ അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഉണ്ടാക്കിയതോ അല്ല. 20-ഓ 30-ഓ വര്‍ഷം കൊണ്ട് നേടാവുന്ന ദീര്‍ഘലക്ഷ്യങ്ങളാണിത്. അത് രാജ്യത്തിന്റെ രാഷ്ട്രീയം തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ഡോ.കൂട്ടില്‍ മുഹമ്മദലി സ്ഥാനമേറ്റു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ.അബ്ദുല്‍ഹക്കീം, ട്രഷറര്‍ അബ്ദുസ്സലാം വാണിയമ്പലം, ദേശീയ വൈസ് പ്രസിഡന്റ് ലളിതാ നായിക്, ജനറല്‍ സെക്രട്ടറി പി.സി.ഹംസ, സെക്രട്ടറി സുബ്രഹ്മണി, വനിതാ കണ്‍വീനര്‍ സീമാ മുഹ്‌സിന്‍, തമിഴ്‌നാട് ഘടകം പ്രസിഡന്റ് എസ്.എന്‍.സിക്കന്തര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കരിപ്പുഴ സുരേന്ദ്രന്‍, പ്രേമ പിഷാരടി, സെക്രട്ടറി ഇ.എ.ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു. കെ.എ. ഷഫീഖ് സ്വാഗതവും അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.