എഡിറ്റര്‍
എഡിറ്റര്‍
കൂടുതല്‍ വെടിക്കോപ്പുകള്‍ വാങ്ങിക്കൂട്ടാന്‍ തീരുമാനം; വി.കെ സിങ്ങിന്റെ കത്ത് പുറത്തായതിന് പിന്നില്‍ ആയുധ ലോബിയോ?
എഡിറ്റര്‍
Tuesday 3rd April 2012 9:32am

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് ആവശ്യത്തിന് ആയുധങ്ങളില്ലെന്നും രാജ്യസുരക്ഷ അപകടത്തിലാണെന്നും കാണിച്ച് കരസേനാ മേധാവി വി.കെ സിങ് പ്രധാനമന്ത്രിക്കയച്ച കത്ത് പുറത്തായതിന് പിന്നില്‍ ആയുധ ലോബിയാണെന്ന് ആരോപണമുയരുന്നു. വി.കെ സിങ്ങിന്റെ കത്ത് പുറത്തായതിന് തൊട്ടുപിന്നാലെ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന രാജ്യം ഇന്ത്യയാരിക്കെയാണ് പുതിയ ആയുധങ്ങള്‍ കൂടി വാങ്ങാനുള്ള തീരുമാനം.

സിങ്ങിന്റെ കത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഇന്നലെ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനൊപ്പം സാങ്കേതികവിദ്യ കൈമാറ്റം, സ്വകാര്യവല്‍ക്കരണം എന്നിവ ഉള്‍പ്പെടെ പ്രതിരോധ രംഗത്തു വ്യാപക പരിഷ്‌കാരത്തിനും തീരുമാനമായിട്ടുണ്ട്. സൈന്യത്തിന് ആവശ്യമുള്ള ഉപകരണങ്ങളും വെടിക്കോപ്പുകളും രാജ്യത്തിനുള്ളില്‍ തന്നെ നിര്‍മിക്കാനും അതില്‍ സ്വകാര്യമേഖലയെ സജീവമായി പങ്കെടുപ്പിക്കാനുമാണ് തീരുമാനം. പ്രതിരോധമന്ത്രി എ. കെ. ആന്റണി തലവനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. കരസേനാമേധാവി ജനറല്‍ വി.കെ. സിങ്, വ്യോമസേനാമേധാവി എന്‍.എ.കെ. ബ്രൗണ്‍, നാവിക സേനാമേധാവി നിര്‍മല്‍ വര്‍മ എന്നിവരും മറ്റ് ഉന്നതരും യോഗത്തില്‍ പങ്കെടുത്തു.

ആണവോര്‍ജ കമ്മിഷന്‍, ബഹിരാകാശ കമ്മിഷന്‍ എന്നിവയുടെ മാതൃകയില്‍ ദേശീയ പ്രതിരോധ കമ്മിഷനു രൂപംനല്‍കണമെന്നു രാജ്യത്തെ പ്രമുഖ വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) ആവശ്യപ്പെട്ടു. ഏഷ്യയുടെ പ്രതിരോധ മേഖലയില്‍ ഭാവിയില്‍ ഇന്ത്യ വഹിക്കേണ്ടി വരുന്ന പങ്കുകൂടി വിഭാവനം ചെയ്യുന്നതാണു പന്ത്രണ്ടാം പ്രതിരോധ പദ്ധതി. വിദേശ കമ്പനികള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടു പോരുന്ന സാങ്കേതികവിദ്യാ കൈമാറ്റം കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രേഖകള്‍, പരിശീലനം, കണ്‍സല്‍ട്ടന്‍സി തുടങ്ങി എല്ലാം ഉള്‍പ്പെടുന്ന സമഗ്ര സാങ്കേതിക കൈമാറ്റമാണ് അനുവദിച്ചിരിക്കുന്നത്. ഈ സാങ്കേതിക മാറ്റത്തിന് പ്രത്യേക ലൈസന്‍സ് ഫീസ് ഉണ്ടാവില്ല.

ഏതെങ്കിലും പ്രധാന ആയുധത്തിന്റെയോ യുദ്ധവിമാനത്തിന്റെയോ ശേഖരണത്തിന് ഇപ്പോള്‍ ഏഴുവര്‍ഷം വരെ സമയം വേണ്ടിവരുന്നുണ്ട്. സേനാവിഭാഗങ്ങള്‍ക്ക് ആയുധശേഖരണത്തിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് ആന്റണി നിര്‍ദേശിക്കുന്നു. ഇപ്പോള്‍ ഉപസേനാമേധാവികള്‍ക്ക് 50 കോടി രൂപവരെയുള്ള കരാറുകള്‍ക്ക് അനുമതി നല്‍കാം. പ്രതിരോധ സെക്രട്ടറിക്ക് 75 കോടി രൂപവരെ വരുന്ന സംഭരണം അനുവദിക്കാം. പ്രതിരോധമന്ത്രിക്ക് 500 കോടി രൂപ വരെയാണു പരിധി. ആയിരം കോടി വരെയുള്ളവയ്ക്കു കേന്ദ്ര ധനമന്ത്രിയുടെ അനുമതിയോടെ പ്രതിരോധ മന്ത്രാലയത്തിനു തീരുമാനമെടുക്കാം. അതിനു മുകളില്‍ വാങ്ങണമെങ്കില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി തീരുമാനിക്കണമെന്നാണ് ചട്ടം.

കരസേനയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി വാഗ്ദാനം  ചെയ്‌തെന്ന വിവരം ജനറല്‍ വി.കെ. സിങ്ങ് പരസ്യമാക്കിയത് വന്‍വിവാദത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെ സൈന്യത്തിന്റെ ആയുധക്ഷാമവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്ത് ചോര്‍ന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും ചൂടേറിയ ചര്‍ച്ചയായി.

അതേസമയം സേനയുടെ പക്കല്‍ വേണ്ടത്ര ആയുധമില്ലെന്നു ചൂണ്ടിക്കാട്ടി കരസേനാ മേധാവി പ്രധാനമന്ത്രിക്കയച്ച രഹസ്യ കത്തു പുറത്തായതില്‍ സേനാമേധാവിക്കു പങ്കില്ലെന്നു ഐ.ബി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വന്നത് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.

Malayalam News

Kerala News in English

Advertisement