ടൊറന്‍ന്റോ: ബ്ലാക്ക് ബെറി സ്­മാര്‍ട്ട്‌ ഫോണ്‍ ഉപഭോക്താക്കളുടെ സുരക്ഷയെയും സ്വകാര്യതയെയും ഹനിക്കുന്ന യാതൊരു ധാരണയെക്കും തയ്യാറല്ലെന്ന് ബ്ലാക്ക് ബെറിയുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ ( RIM) അറിയിച്ചു.

സുരക്ഷ സംബന്ധമായ കാരണങ്ങളാല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സൗദി അറേബ്യയിലും ഒക്ടോബര്‍ മുതല്‍ ബ്ലാക്ക് ബെറി നിരോധിക്കുമെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് സ്മാര്‍ട്ട് ഫോണ്‍ കമ്പനി ഇക്കാര്യം അറിയിച്ചത്.

ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിലാണ് ബ്ലാക്ക് ബെറിയുടെ ചില സേവനങ്ങളെന്ന് യു എ ഇ ടെലികമ്മ്യൂണിക്കേഷന്‍ അതോററ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 11 മുതല്‍ രാജ്യത്ത് ബ്ലാക്ക് ബെറിയുടെ സേവനങ്ങള്‍ നിരേധിക്കാനാണ് തീരുമാനം.

ബ്ലാക്ക് ബെറി ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന നിലവിലെ രീതി ചില ഉപഭോക്താക്കള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് യു എ ഇ അധികാരികള്‍ കരുതുന്നത്.

കാനഡയിലെ ടൊറണ്‍ടോയിലെ വാട്ടര്‍ലൂവിലാണ് റിം പ്രവര്‍ത്തിക്കുന്നത്. യു എ ഇ യുടെ ആവശ്യങ്ങള്‍ ന്യായമാണെങ്കിലും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയുമാണ് പ്രധാനമെന്ന് കമ്പനി അറിയിച്ചു.
ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് നിരവധി മറ്റു വഴികളും രീതികളും ഉള്ളതിനാല്‍ ബ്ലാക്ക് ബെറി ഒരു ഭീഷണിയാവുന്നില്ലെന്നും കമ്പനി അറിയിച്ചു.

എമിറേറ്റ് എയര്‍പോര്‍ട്ടിലൂടെ കടന്നു പോകുന്ന വിദേശ യാത്രക്കാര്‍ക്കും നിരോധനം ബാധകമായിരിക്കും.