ന്യൂദല്‍ഹി: കല്‍ക്കരി ഖനി അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ബി.ജെ.പി.

Ads By Google

മന്‍മോഹന്‍ സിങ്ങിന്റെ രാജി എന്ന ആവശ്യം ബി.ജെ.പി ആവര്‍ത്തിക്കും. സര്‍ക്കാര്‍ രാജ്യത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും രാജ്യത്തിനുമേല്‍ വീണ കളങ്കമാണെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി അഭിപ്രായപ്പെട്ടതായി ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു

ആദ്യമായല്ല സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉണ്ടാകുന്നത്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്ന കാര്യങ്ങള്‍ നേരത്തെയും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ സര്‍ക്കാരില്‍ യാതൊരു വിശ്വാസവുമില്ല.

കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ആത്മാര്‍ത്ഥതയുമില്ല. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചയ്ക്ക് തയാറല്ല.  റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടത്തുന്നതുകൊണ്ടോ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടുന്നത് കൊണ്ടോ യാതൊരര്‍ത്ഥവുമില്ല. അഴിമതി നടത്തിയവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.