എഡിറ്റര്‍
എഡിറ്റര്‍
ചില്ലറ മേഖലയിലെ വിദേശ നിക്ഷേപം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം: സീതാറാം യെച്ചൂരി
എഡിറ്റര്‍
Friday 16th November 2012 3:29pm

ന്യൂദല്‍ഹി: ചില്ലറ മേഖലയിലെ വിദേശനിക്ഷേപത്തെകുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും സി.പി.ഐ നേതാവ് ഡി.രാജയും ആവശ്യപ്പെട്ടു.

ഇടതുപാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചില്ലറ മേഖലയിലെ വിദേശനിക്ഷേപത്തെ ചൊല്ലി സി.പി.ഐയിലും സി.പി.ഐ.എമ്മിലും വ്യത്യസ്ത അഭിപ്രായമാണ് ഉണ്ടായിരുന്നത്.

Ads By Google

വിദേശനിക്ഷേപത്തെ കുറിച്ച് പാര്‍ലമെന്റില്‍ വോട്ടിങ്ങോടുകൂടിയ ചര്‍ച്ച വേണമെന്ന് സി.പി.ഐ.എമ്മും വോട്ടിങ്ങില്ലാത്ത ചര്‍ച്ച വേണമെന്ന് സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം വോട്ടിങ്ങോടെ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെക്കണമെന്ന് ഇടതുപാര്‍ട്ടികള്‍ തീരുമാനിക്കുകയായിരുന്നു. വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.  ഗുരുദാസ് ദാസ് ഗുപ്ത യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

വിദേശ നിക്ഷേപത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണം. നിലവില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പലയിടങ്ങളിലും അപകടത്തിലാണെന്നും ഇത് തിരഞ്ഞെടുപ്പ് നേരത്തേ ആക്കുന്നതില്‍ കൊണ്ടെത്തിക്കുമെന്നും സി.പി.ഐ.എം മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാറണമെന്നും തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2014 ലെ തിരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിച്ചതില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും കോണ്‍ഗ്രസ് ഇത് നേരത്തേ ചെയ്തതാണെന്നും ഇപ്പോള്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുക മാത്രമാണ് ഉണ്ടായതെന്നും യെച്ചൂരി പറഞ്ഞു.

Advertisement