എഡിറ്റര്‍
എഡിറ്റര്‍
സെവാഗ് നിങ്ങളുടെ വാക്കുകളുടെ ശക്തി ഒരു പെണ്‍കുട്ടിയുടെ ആദര്‍ശങ്ങളെ ഇല്ലാതാക്കാനാകരുത്; ഗുര്‍മെഹറിനെ പരിഹസിച്ച സെവാഗിനു മറുപടിയുമായി ശശി തരൂര്‍
എഡിറ്റര്‍
Tuesday 28th February 2017 9:13pm

 

ന്യൂദല്‍ഹി: കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിനെതിരായ വിരേന്ദര്‍ സെവാഗിന്റെ ട്വീറ്റിനെതിരെ ശശി തരൂര്‍ എം.പി. തന്റെ പ്രിയ ക്രിക്കറ്റര്‍ രാഷ്ട്രീയ വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായെത്തിയത് തന്നെയേറെ നിരശാനാക്കുന്നു എന്നും ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


Also read സി.പി.ഐ.എം നേതാക്കളെ തടഞ്ഞാല്‍ വഴിയിലിറങ്ങാമെന്ന് കരുതേണ്ട; ബി.ജെ.പി നേതാക്കള്‍ക്ക് മറുപടിയുമായി കോടിയേരി 


കഴിഞ്ഞ ദിവസമായിരുന്നു കാര്‍ഗില്‍ രക്തസാക്ഷിയായ ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകളുടെ ട്വീറ്റിനു മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് രംഗത്തെത്തിയത്. ‘എന്റെ അച്ഛനെ കൊന്നത് പാക്കിസ്ഥാനല്ല യുദ്ധമാണെന്ന’ ഗുര്‍മെഹറിന്റെ പോസ്റ്റിനെ പരിഹസിച്ച് ‘ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയത് താനല്ല തന്റെ ബാറ്റാണെന്നാ’യിരുന്നു സെവാഗ് ട്വീറ്റ് ചെയത്. ഒരുവര്‍ഷം മുന്നേ പെണ്‍കുട്ടി പോസ്റ്റ് ചെയ്ത ചിത്രം എ.ബി.വി.പിക്കെതിരായ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌ന്റെ പേരിലാണ് വീണ്ടും ചര്‍ച്ചയായത്.


Dont miss എ.ബി.വി.പി ‘ഗുണ്ടാഗിരി’ക്കെതിരെ ‘ആസാദി’ പ്രഖ്യാപിച്ച് ദല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി റാലി 


രാംജാസ് കോളേജിലെ എ.ബി.വി.പി ക്രൂരതക്കെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പെയന്‍ ആരംഭിച്ച പെണ്‍കുട്ടിക്കെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ബലാത്സംഗ ഭീഷണിയും കൊലപാതക ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ പരിഹസിച്ച സെവാഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്യത്ത് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് ശശി തരൂറും സെവാഗിനെതിരെ രംഗത്ത് വന്നത്.

‘യുദ്ധമാണ് പിതാവിനെ കൊന്നതെന്ന പെണ്‍കുട്ടിയുടെ അഭിപ്രായത്തോട് എല്ലാവരും യോജിക്കില്ലെന്ന് നമുക്കറിയാം. യുദ്ധമൊരിക്കലും തനിയെ സംഭവിക്കുന്നതല്ല. രാജ്യങ്ങളുടെ രാഷ്ട്രീയ സാഹചര്യങ്ങളാണ് യുദ്ധത്തിലേക്ക് നയിക്കുന്നത്. കാര്‍ഗില്‍ യുദ്ധമാണ് പെണ്‍കുട്ടിക്ക് അവളുടെ പിതാവിനെ നഷ്ടമാക്കിയതെന്നും നമുക്കറിയാം. അവരുടെ മാത്രമല്ല നിരവധി കുടുംബങ്ങളെയും യുദ്ധം അനാഥമാക്കിയിട്ടുണ്ട്. എന്നു കരുതി പാക്കിസ്ഥാന്‍ ജനതയാണ് എന്റെ അച്ഛനെ കൊന്നതെന്ന് അവര്‍ക്ക് പറയാനാകില്ല. യുദ്ധമാരംഭിച്ച പാക്കിസ്ഥാന്‍ കാരാണ് അയാളെ കൊന്നതെന്നേ പറയാനാകുയെന്നും’ ശശിതരൂര്‍ പറഞ്ഞു.

 20 വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയോട് അതല്ല ഇതാണ് യഥാര്‍ത്ഥ ആദര്‍ശമെന്ന് പറയുവാന്‍ നമ്മളാരാണെന്ന് ചോദിക്കുന്ന തരൂര്‍ രക്തസാക്ഷിയുടെ ഓര്‍മ്മകളുമായി കഴിയുന്ന ഒരു കുടുംബത്തിന്റെ വികാരങ്ങളെയും വൈകരിക പരമായ വാക്കുകളെയും പരിഹസിക്കുന്നത് നീതിയല്ലെന്നും സെവാഗിനോടായി പറഞ്ഞു. പിതാവിന്റെ മരണത്തക്കുറിച്ച് സംസാരിക്കുന്ന ഒരു കുട്ടിയുടെ അവകാശം കൂടിയാണിതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ നിങ്ങളുടെ ബാറ്റിന്റെ ശക്തികൊണ്ട് എതിര്‍ ടീമിലെ ബൗളേഴ്‌സിനെ നിശബ്ദരാക്കിയിരിക്കാം. പക്ഷേ ഒരിക്കലും വാക്കിന്റെ ശക്തി ഇരുപതുകാരിയായ പെണ്‍കുട്ടിയുടെ ആദര്‍ശങ്ങളെ അടിച്ചമര്‍ത്താനായി ഉപയോഗിക്കരുത് തരൂര്‍ പറഞ്ഞു.

‘ചാനല്‍ ചര്‍ച്ചകളില്‍ പലരും പെണ്‍കുട്ടിയോടായി ചോദിക്കുന്നത് കേട്ടു യുദ്ധമല്ലലോ ബുള്ളറ്റുകളല്ലേ നിങ്ങളുടെ അച്ഛന്റെ മരണത്തിനു കാരണമെന്ന് . അവള്‍ യുദ്ധമെന്നു തന്നെയാണ് ഉപയോഗിച്ചത് കാരണം ബുള്ളറ്റുകള്‍ തനിയെ പറന്നതല്ല. യുദ്ധമാണ് ബുള്ളറ്റുകള്‍ പറക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ബാറ്റല്ല ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. ബാറ്റു ചലിപ്പിച്ച വ്യക്തി തന്നെയാണ് അതിനു കാരണം’ തരൂര്‍ വ്യക്തമാക്കി.

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാമിയ മിലിയയില്‍ നിങ്ങളുടെ ബിരുദദാന ചടങ്ങില്‍ നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ട്രിപ്പിള്‍ സെഞ്ച്വറിയേക്കാള്‍ പ്രാധന്യമര്‍ഹിക്കുന്നതാണ് ഈ ബിരുദമെന്നായിരുന്നു നിങ്ങള്‍ അന്ന് പറഞ്ഞത്. വിരൂജി നിങ്ങള്‍ ആ ബിരുദം നിങ്ങള്‍ക്ക് ലഭിച്ചത് എന്തിനാണെന്ന് ഒന്നുകൂടി നോക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ ഒരു ജനപ്രീയനെന്ന നിലയില്‍ മാത്രമല്ല നില്‍ക്കുന്നത് വിദ്യാഭ്യാസമുള്ള ഒരു വ്യക്തിത്വത്തിന് ഉടമയായികൂടിയാണ്’ തരൂര്‍ പറഞ്ഞു.

കോളേജില്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ഗുര്‍മെഹറിനെ താന്‍ അഭിനന്ദിക്കുന്നതായും ആ കുടുംബത്തോടൊപ്പം നില്‍ക്കണമെന്നും പറഞ്ഞു കൊണ്ടാണ് തരൂര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement