ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടില്‍ മുന്‍ ടെലികോംമന്ത്രി എ. രാജ നല്‍കിയ 2ജി ലൈസെന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ടെലികോം കമ്പനിയായ യൂണിനോര്‍. കോടതി തങ്ങളുടെ വാദം പരിഗണിച്ചത് നീതിപൂര്‍വമല്ലെന്നും വിധി വിശദമായി പഠിച്ചശേഷം പ്രവര്‍ത്തനം തുടരാനുള്ള വഴികള്‍ പരിശോധിക്കുമെന്നും യൂണിനോര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ലൈസന്‍സ് റദ്ദാക്കിയ കമ്പനികളില്‍ യൂണിനോറും ഉള്‍പ്പെടുന്നുണ്ട്.

മുന്‍ ടെലികോംമന്ത്രി എ. രാജ നല്‍കിയ 2ജി ലൈസെന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധി തങ്ങളെ ബാധിക്കില്ലെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനി വ്യക്തമാക്കി. നിലവിലെ വിധി 2008 ജനുവരിയില്‍ അനുവദിച്ച ലൈസന്‍സുകളെയാണ് ബാധിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു. തങ്ങള്‍ക്ക് 2001ലാണ് ലൈസന്‍സ് ലഭിച്ചതെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ടെലികോം കമ്പനികള്‍ക്ക് ഇന്ന് നഷ്ടം നേരിട്ടു. ആരോപണ വിധേയരായ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. വിധി പുറത്തുവന്ന ഉടന്‍ റിലയന്‍സിന്റെ ഓഹരിവിലയില്‍ 5 ശതമാനവും യൂണിനോറിന്റെ ഓഹരിയില്‍ 8 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

Malayalam News
Kerala News in English