Administrator
Administrator
ഇസ്‌ലാമുമായി ഒരിക്കലും യുദ്ധം ചെയ്തിട്ടില്ല: ഒബാമ
Administrator
Monday 2nd May 2011 5:03pm

അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ തങ്ങള്‍ കൊലപ്പെടുത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചിരിക്കയാണ്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയോടെ വൈറ്റ് ഹൗസില്‍ വെച്ചാണ് ഒബാമ ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇതിന് മുമ്പ് തന്നെ സി.എന്‍.എന്‍ ചാനലില്‍ ഒസാമ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തകളറിഞ്ഞയുടന്‍ തന്നെ ജയാരവങ്ങളുമായി അമേരിക്കന്‍ ജനത തെരുവിലിറങ്ങി. ഉടന്‍ തന്നെ ഒബാമയുടെ ഔദ്യോഗിക പ്രഖ്യാപനവും വന്നു. ഒബാമയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം താഴെ…

ഈ സായാഹ്നത്തില്‍ അമേരിക്കന്‍ ജനതയോടും ലോകത്തോടു തന്നെയും വളരെയധികം ആഹ്ലാദകരമായ വാര്‍ത്ത അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ അല്‍ഖ്വയ്ദ നേതാവും തീവ്രവാദിയുമായ ഉസാമ ബിന്‍ലാദന്‍ അമേരിക്ക നടത്തിയ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു.

പത്തുവര്‍ഷംമുമ്പ് സെപ്റ്റംബറിലെ ഒരു പ്രഭാതത്തെ ഇരുള്‍വീഴ്ത്തി അമേരിക്കന്‍ജനതയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് അമേരിക്കയിലെ ഇരട്ടഗോപുരം തകര്‍ത്തത് ഒരിക്കലും മറക്കാനാവില്ല. സെപ്റ്റംബര്‍ 11 നു നടന്ന ആക്രമണം ചരിത്രത്തില്‍ കുറിച്ചിടപ്പെട്ടതാണ്. തെളിഞ്ഞ ആകാശത്തിലൂടെ വിമാനങ്ങള്‍ ഇരട്ടഗോപുരത്തില്‍ വന്നിടിക്കുന്നതും പെന്റഗണില്‍നിന്നും കറുത്ത പുകച്ചുരുളുകള്‍ ഉയര്‍ന്നതുമെല്ലാം ജനങ്ങള്‍ ഇന്നും ഞെട്ടലോടെ ഓര്‍ക്കുന്നു. 3000 ത്തോളം ജനങ്ങളാണ് അന്നത്തെ ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞത്. ഇതൊരിക്കലും നികത്താനാവാത്ത നഷ്ടമാണ്. കുഞ്ഞുങ്ങള്‍ പലരും അച്ഛനമ്മമാരില്ലാതെ വളരുന്നു. പല രക്ഷിതാക്കള്‍ക്കും അവരുടെ മക്കളെ നഷ്ടപ്പെട്ടു.

ഇരട്ടഗോപുരം തകര്‍ക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമന്യേ ഒറ്റക്കെട്ടായിരുന്നു. പരിഹാരം കാണുന്നതിലും ഞങ്ങള്‍ ഒറ്റക്കെട്ടായിനിന്നു. ഈ ആക്രമണത്തിനുപിന്നില്‍ ഉസാമ ബിന്‍ലാദന്റെ നേതൃത്വത്തിലുള്ള അല്‍ഖ്വയ്ദ എന്ന സംഘടനയാണെന്നും അമേരിക്കയുമായി യുദ്ധം പ്രഖ്യാപിച്ചതാണെന്നും അധികം വൈകാതെതന്നെ ഞങ്ങള്‍ മനസ്സിലാക്കി. മാത്രമല്ല, അമേരിക്കന്‍ജനതയെയും നിരപരാധികളായ ലോകജനതയെയും കൊന്നൊടുക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും അമേരിക്ക മനസ്സിലാക്കി.

ജനതയെ സംരക്ഷിക്കാനാണ് അല്‍ഖ്വയ്ദയുമായി ഞങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചത്. പത്തുവര്‍ഷമായി ലാദനെ പിടിക്കാന്‍ പരിശ്രമം നടത്തുന്ന അമേരിക്കന്‍ സൈന്യത്തിനും ഭീകരവിരുദ്ധ പരിശീലകര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. അഫ്ഗാനിസ്ഥാനില്‍ ലാദനും അല്‍ഖ്വയ്ദക്കും എല്ലാവിധ സംരക്ഷണവും സഹായവും നല്‍കിയ താലിബാന്‍ ഗവണ്‍മെന്റിനെ ഞങ്ങള്‍ മാറ്റി. ലാദനുള്‍പ്പടെ സെപ്റ്റംബര്‍ ആക്രമണത്തില്‍ പങ്കാളികളായവരെ പിടിക്കാനോ കൊല്ലാനോ ലോകമൊട്ടാകെയുള്ള സുഹൃത്തുക്കളുമായി ഞങ്ങള്‍ തീരുമാനിച്ചു.

പക്ഷേ ലാദന്‍ പാക്കിസ്ഥാനിലെ അഫ്ഗാന്‍ ബോര്‍ഡറിലേക്കു രക്ഷപ്പെട്ടു. അവിടെനിന്നും അവര്‍ തങ്ങളുടെ ഭീകരപ്രവര്‍ത്തനം പുനരാരംഭിച്ചു. ലാദന്റെ പ്രവര്‍ത്തനങ്ങളും ശൃംഖലയും തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും ലാദനെ ജീവനോടെയോ അല്ലാതെയോ പിടിക്കുവാന്‍ സി.ഐ.എ ഡയരക്ടര്‍ ലിയോണ്‍ പാനെറ്റയോടു ഞാന്‍ ആവശ്യപ്പെട്ടു.

അന്വേഷണം കൂടുതല്‍ കാര്യക്ഷമമായതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ ലാദന്റെ ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ചു. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതിരുന്നതിനാലാണ് ഇതുവരെ നടപടിയെടുക്കാതിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് എല്ലാ സന്നാഹങ്ങളോടുംകൂടി ലാദനെ പിടിക്കാന്‍ ഉത്തരവിട്ടത്. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍വെച്ച് ഇന്ന് അമേരിക്കന്‍സൈന്യത്തിന്റെ ചെറിയ സംഘം നടത്തിയ ഓപ്പറേഷനിലാണ് ലാദന്‍ കൊല്ലപ്പെട്ടത് .ശേഷം മൃതദേഹം അവര്‍ സൂക്ഷിക്കുകയായിരുന്നു. അമേരിക്കന്‍സൈനികര്‍ക്ക് പരിക്കില്ല. സൈന്യത്തിന്റെ അസാമാന്യ കഴിവും ധൈര്യവുമാണ് ലാദനെ വധിക്കാന്‍ സഹായിച്ചത്.

രണ്ട് ദശാബ്ദത്തോളമായി അല്‍ഖ്വയ്ദയുടെ നേതാവായ ലാദന്‍ ഞങ്ങളുടെ ജനങ്ങള്‍ക്കും രാജ്യത്തിനുതന്നെയും ഭീഷണിയായി തുടരുകയായിരുന്നു. രാജ്യത്തിന്റെ എടുത്തുപറയത്തക്ക നേട്ടമായി അല്‍ഖ്വയ്ദയുടെ പരാജയവും ലാദന്റെ മരണവും രേഖപ്പെടുത്താം. ലാദന്റെ മരണം ഞങ്ങളുടെ പ്രയത്‌നത്തിന്റെ അവസാനമാണെന്നു പറയാനാവില്ല. അല്‍ഖ്വയ്ദ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരില്ല എങ്കിലും രാജ്യത്തിനകത്തും പുറത്തും ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഒരുകാര്യംകൂടി ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇസ്ലാമുമായി അമേരിക്ക ഒരിക്കലും യുദ്ധത്തില്‍ ഏര്‍പ്പെടില്ല. അതായത് ഞങ്ങളുടെ യുദ്ധം ഇസ്ലാമിനോടല്ല. ലാദന്‍ മുസ്ലിംനേതാവല്ല, ഒരുകൂട്ടം മുസ്ലിങ്ങളുടെ കൊലപാതകിയാണ്. അമേരിക്കയുള്‍പ്പടെ വിവിധ രാജ്യങ്ങളിലായി അല്‍ഖ്വയ്ദ കൊന്നൊടുക്കിയത് നിരവധി മുസ്ലിംങ്ങളെയാണ്. അതുകൊണ്ടുതന്നെ സമാധാനം ആഗ്രഹിക്കുന്നവരും മനുഷ്യത്വത്തെ മാനിക്കുന്നവരും ലാദന്റെ വധത്തെ സ്വാഗതംചെയ്യും.

ലാദന്റെ ഒളിത്താവളം കൃത്യമായി കണ്ടെത്താനായാല്‍ വേണ്ട നടപടികളെടുക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും. പാക്കിസ്ഥാന്റെ സഹായമാണ് ലാദനെ കണ്ടത്താനും പിടികൂടാനും സഹായിച്ചത്. പാക്കിസ്ഥാനെതിരായും ലാദന്‍ യുദ്ധഭീഷണി മുഴക്കിയിരുന്നു. ഇന്ന് ഞാന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ വിളിച്ചിരുന്നു. ഇരുരാജ്യങ്ങളെ സംബന്ധിച്ചും ഇതൊരു ചരിത്രമുഹൂര്‍ത്തമാണെന്നും തുടര്‍ന്നും അല്‍ഖ്വയ്ദക്കെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ അമേരിക്കക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സര്‍ദാരി
പറഞ്ഞു.

അമേരിക്കക്ക് യുദ്ധത്തിന്റെ വില മനസ്സിലാവും. ജനങ്ങള്‍ ഭീഷണിയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ സഹിഷ്ണുതയോടെ നോക്കിനില്‍ക്കാനോ, അവര്‍ കൊല്ലപ്പെടുമ്പോള്‍ നിസ്സംഗരായി നില്‍ക്കാനോ ഒരു രാജ്യമെന്ന നിലക്ക് ഞങ്ങള്‍ക്ക് സാധിക്കില്ല. ഒടുവില്‍ നീതി നടപ്പാക്കപ്പെട്ടുവെന്ന് പ്രിയപ്പെട്ടവരെ വെടിഞ്ഞ ജനങ്ങള്‍ക്ക് ആശ്വസിക്കാം. ലാദനെ കണ്ടത്താനും വധിക്കാനും അക്ഷീണം പരിശ്രമിച്ച സൈനികര്‍ക്ക് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്. അവരെക്കുറിച്ച് യാതൊന്നുംതന്നെ ജനങ്ങള്‍ക്കറിയില്ല. എങ്കിലും ഇത്തരമൊരു പ്രവൃത്തിയില്‍ ഭാഗഭാക്കാന്‍കഴിഞ്ഞതിന്റെ സംതൃപ്തിയിലായിരിക്കും ഇവര്‍.

അവസാനമായി, സെപ്റ്റംബര്‍ ആക്രമണത്തില്‍ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട കുടുംബങ്ങളോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ക്കുനേരിട്ട നഷ്ടം ഒരിക്കലും മറക്കാനാവില്ല. രാജ്യത്തിന്റെ സംരക്ഷണം പൂര്‍ണ്ണമായിട്ടില്ല. പക്ഷേ ഒരു കാര്യം വ്യക്തമാണ്. ഒരുമിച്ചുനിന്നാല്‍ അമേരിക്കക്ക് നേടാനാവാത്തായി ഒന്നുമില്ല എന്നാണ് ഇന്നത്തെ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഈ വിജയം നേടാനായത് നമ്മുടെ സമ്പത്തുകൊണ്ടോ ശക്തികൊണ്ടോ അല്ല, മറിച്ച് നമ്മളാരെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ്.
ദൈവം നമ്മളെയും അമേരിക്കയെയും അനുഗ്രഹിക്കട്ടെ.

Advertisement