എഡിറ്റര്‍
എഡിറ്റര്‍
വിമാനം കണ്ടെത്താന്‍ അമേരിക്കന്‍ സഹായം വേണ്ട: മലേഷ്യ
എഡിറ്റര്‍
Monday 17th March 2014 3:45pm

malasian-airjet

വാഷിങ്ടണ്‍: അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി പുറപ്പെട്ട മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തനായുള്ള തിരച്ചിലിനായി അമേരിക്കന്‍ സഹായം വേണ്ടെന്ന് മലേഷ്യ.

വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം മലേഷ്യ നിരസിച്ചു.

വിമാന ദുരൂഹതയെകുറിച്ച് അമേരിക്ക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും അവയൊന്നും മലേഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപകടം നിരീക്ഷിക്കുന്നതിനായി രണ്ട് എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ എത്തിയിരുന്നു. എന്നാല്‍ എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് മലേഷ്യന്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഫ്.ബി.ഐക്ക് കൈമാറാന്‍ മലേഷ്യ തയ്യാറാകുന്നില്ലെന്ന് അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ പറഞ്ഞു.

വിമാനം കാണാതായ സംഭവത്തിനു പിന്നില്‍ തീവ്രവാദി സംഘടനകള്‍ ആകാമെന്നാണ് അമേരിക്കയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. എന്നാല്‍ തീവ്രവാദി സംഘടനകളൊന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ പറഞ്ഞത്.

ഈ മാസം എട്ടിന് പുലര്‍ച്ച ഒന്നരയ്ക്കാണ് വിമാനം റഡാര്‍ സ്‌ക്രീനില്‍നിന്ന് അപ്രത്യക്ഷമായത്. കോലാംലംപുരില്‍നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് പോവുകയായിരുന്ന ബോയിങ് 777200 ഇ.ആര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് തീവ്രവാദ സാധ്യത അന്വേഷിക്കുന്നതിന് മലേഷ്യ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. വിമാനത്തില്‍ യാത്രചെയ്ത രണ്ട് പേര്‍ മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായാണ് യാത്രചെയ്തതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമൊന്നുമില്ലെന്ന്  തെളിഞ്ഞിരുന്നു.

Advertisement