തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ വീണ്ടും എന്‍.എസ്.എസ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിനെ ഭരിക്കാനനുവദിക്കില്ലെന്ന് സുകുമാരന്‍ നായര്‍. ഇതേ രീതിയിലാണ് ഭരണം മുന്നോട്ട് പോകുന്നതെങ്കില്‍ ഭൂരിപക്ഷസമുദായം സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും എന്‍.എസ്.എസ് സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Ads By Google

”സംസ്ഥാനത്ത് ഭരണരംഗത്ത് ഇപ്പോഴും സാമുദായിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. എന്‍.എസ്.എസ് പറയുന്നത് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചെവിക്കൊള്ളാറില്ല. ഇതനുവദിക്കാനാവില്ല.

അഞ്ചാം മന്ത്രി. എയ്ഡഡ് വിഷയങ്ങളില്‍ എന്‍.എസ്.എസ് എടുത്ത നിലപാടിനെ തുടര്‍ന്ന് വര്‍ഗ്ഗീയ സംഘടനയെന്ന് ചിലര്‍ വിളിച്ചിരുന്നു. ഇന്ന് അങ്ങനെ വിളിക്കാന്‍ ആരുമുണ്ടാകില്ല. അങ്ങിനെ വിളിക്കാന്‍ ആര്‍ക്കും ആത്മബലം ഉണ്ടാകില്ലെന്നും” സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

”കെ.പി.സി.സി പ്രസിഡന്റിനെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്തെത്തിക്കണം. അല്ലാതെ ഈ രീതിയില്‍ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഭൂരിപക്ഷസമുദായം ഭരണത്തില്‍ തുടരാനനുവദിക്കില്ല. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാമെന്ന് ഹൈക്കമാന്റ് ഉറപ്പ് തന്നിരുന്നു.

അതനുസരിച്ച് ഭരണരംഗത്തേക്ക് കൊണ്ടുവരാനാണ് ചെന്നിത്തലയെ മത്സരിപ്പിച്ചത്. കെ.പി.സി.സി പ്രസിഡന്റാകാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ട ആവശ്യമില്ല. ചെന്നിത്തല മത്സരിച്ചത് കൊണ്ട് മാത്രമാണ് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്. മന്ത്രിസഭ പുനസംഘടിപ്പിക്കില്ലെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് എന്തധികാരമാണുള്ളത്”- അദ്ദേഹം പ്രസ്താവിച്ചു.