ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല; യു.പിയിലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്ന് ഉപമുഖ്യമന്ത്രി കെ.പി മൗര്യ
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 3:19pm

ഗോരഖ്പൂര്‍: യു.പി ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തിരിച്ചടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി കെ.പി മൗര്യ. ഇത്രയും വലിയ രീതിയില്‍ ബി.എസ്.പി വോട്ടുകള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ എത്തുമെന്ന് കരുതിയില്ലെന്ന് മൗര്യ പ്രതികരിച്ചു.

അന്തിമ ഫലം വന്ന ശേഷം അത് പരിശോധിക്കും. ഭാവിയില്‍ ബി.എസ്.പിയും എസ്.പി.യും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെടാല്‍ അതിനെ എങ്ങനെ നേരിടണമെന്ന് ആലോചിക്കും. അതിനൊപ്പം തന്നെ 2019 ലെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മൗര്യ പറഞ്ഞു.


Also Read ഇത് ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം; മായാവതിക്കും അഖിലേഷിനും അഭിനന്ദങ്ങള്‍: മമത ബാനര്‍ജി


യു.പിയില്‍ എസ്.പി- ബി.എസ്.പി സഖ്യത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു.

‘കഴിഞ്ഞദിവസത്തെ അത്താഴം കഴിഞ്ഞ് മടങ്ങവെ ബി.എസ്.പിയുടെ സതീഷ് മിശ്ര ജീ ഇന്നത്തെ വോട്ടെണ്ണലില്‍ ഒരു സര്‍പ്രൈസ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെന്നും ട്രെന്റുകള്‍ കാണുമ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നുന്നു’ വെന്നുമാണ് ഉമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചത്.

യു.പി ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തില്‍ മായാവതിയേയും അഖിലേഷ് യാദവിനേയും അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും അഭിനന്ദിക്കുന്നതായും മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്നും മമത ട്വീറ്റില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടന്നത്. സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ആദ്യഘട്ടത്തില്‍ നടത്തിയത്. പിന്നീട് ബി.ജെ.പിയെ ഏറെ ദൂരം പിന്തള്ളി എസ്.പി ബി.എസ്.പി സഖ്യം മുന്നേറുകയായിരുന്നു.

Advertisement