എഡിറ്റര്‍
എഡിറ്റര്‍
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിയുടെ പേര് നിര്‍ദ്ദേശിച്ചിട്ടില്ല: ആര്‍.എസ്.എസ്.
എഡിറ്റര്‍
Saturday 2nd November 2013 11:57pm

narendra-modi

ന്യൂദല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പേര് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ആര്‍.എസ്.എസ്. നേതാവ് എം.ജി. വൈദ്യ.

ബി.ജെ.പിയുടെ ഭാഗത്ത് നിന്നും അത്തരമൊരു നിര്‍ദ്ദേശമുണ്ടാവുകയും സംഘ് അതിന് അനുവാദം നല്‍കുകയുമായിരുന്നു. ആര്‍.എസ്.എസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതെന്ന ആരോപണങ്ങള്‍ക്കിടെയാണ് വൈദ്യയുടെ പ്രതികരണം.

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിയോ എം.പിയോ എം.എല്‍.എയോ ആയി ആരെ തിരഞ്ഞെടുപ്പിന് നിര്‍ത്തണമെന്ന്ആര്‍.എസ്.എസ് നിര്‍ദ്ദേശിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഉപദേശം ആരായുമ്പോള്‍ ഉചിതമായതെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ പറയുകയും ചെയ്യാറുണ്ട്.

1949-ല്‍ നിരോധനത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്ന് ആര്‍.എസ്.എസ്. വാഗ്ദാനം നല്‍കിയിരുന്നു എന്ന റിപ്പര്‍ട്ടിനെയും അദ്ദേഹം ഖണ്ഡിച്ചു.

‘നരേന്ദ്ര മോഡിയെ തിരഞ്ഞെടുത്തത് ബി.ജെ.പി തന്നെയാണ്. സംഘ് അതിന് അനുവാദം നല്‍കിയിട്ടുണ്ടാവും. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ സംഘിന്റെ ഉപദേശം തേടിയിട്ടുണ്ടാവും.’

‘രാജ്യതാല്പര്യം മാത്രമാണ് സംഘിന്റെ ആശങ്ക. ജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും മുകളിലാണ് രാജ്യത്തിന്റെ താല്പര്യങ്ങള്‍.’ ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ വൈദ്യ പറഞ്ഞിരിക്കുന്നു.

നിരോധനം ഒഴിവാക്കുന്നതിനായി, രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്ന് 1949-ല്‍ ആര്‍.എസ്.എസ് സര്‍ക്കാരിന് വാക്ക്  നല്‍കിയിരുന്നു എന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം നിഷേധിച്ചു.

‘അത്തരമൊരു വാഗ്ദാനവും നല്‍കിയിട്ടില്ല. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒരാളെയോ ഒരു സംഘടനയെയോ തടയാന്‍ ഈ രാജ്യത്ത് ഒരു ശക്തിക്കുമാവില്ല. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണമെന്നില്ല.’ അദ്ദേഹം പറയുന്നു.

Advertisement