Categories

‘ജിഷ്ണുവിനും കുടുംബത്തോടുമൊപ്പം തന്നെയാണ് ഞങ്ങള്‍’; ജിഷ്ണുവിന്റെ അമ്മയ്ക്ക് ഐക്യദാര്‍ഢ്യവുമായി വി.പി സാനു

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. പ്രതിഷേധവുമായി എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനുവും രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സാനു മഹിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

‘ നീതിയുടെ കൂടെത്തന്നെയാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ, നീതി നിഷേധിക്കപ്പെട്ടവരുടെ കൂടെത്തന്നെയാണ്. ജിഷ്ണുവിനും കുടുംബത്തോടുമൊപ്പം തന്നെയാണ് ഞങ്ങള്‍.’ എന്നായിരുന്നു സാനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നേരത്തെ, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നീതിക്കായി നടത്തുന്ന പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് എസ്.എഫ്.ഐ പറഞ്ഞിരുന്നു. മഹിജയുടെ സമരത്തെ തള്ളിപ്പറയാന്‍ തങ്ങളില്ല എന്നും എസ്.എഫ്.ഐ വ്യക്തമാക്കി. സമരത്തിന്റെ വൈകാരികത മനസിലാക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി എം. വിജിന്‍ പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മ മഹിജ ഇന്ന് പൊലീസ് അതിക്രമത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് എസ്.എഫ്.ഐ നിലപാട് വ്യക്തമാക്കിത്. കുറ്റാരോപിതരെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നാണ് തങ്ങളുടെ നിലപാട്. പൊലീസ് സംയമനം പാലിക്കേണ്ടതായിരുന്നില്ലേ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

ജിഷ്ണു പ്രണോയിയുടെ കാര്യത്തില്‍ ആദ്യം മുതല്‍ തന്നെ സമരരംഗത്തുള്ള സംഘടനയാണ് എസ്.എഫ്.ഐ. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ചയുണ്ടായെന്ന കാര്യം വസ്തുതയാണ്. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സംഘം നന്നായി തന്നെയാണ് ഇടപെടുന്നത്. കൃഷ്ണദാസിനെ വിട്ടയച്ചത് മുന്‍കൂര്‍ ജാമ്യം ഉള്ളതിനാലാണ്. -വിജിന്‍ പറഞ്ഞു.


Also Read: ‘മഹിജയുടെ സമരത്തെ തള്ളിപ്പറയാനില്ല’; നീതിക്കായുള്ള സമരത്തില്‍ സംഘടന ഒപ്പമുണ്ടാകുമെന്നും എസ്.എഫ്.ഐ


നേരത്തെ, ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പൊലീസ് ചെയ്തത് കൃത്യനിര്‍വ്വഹണം മാത്രമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ഡി.ജി.പി ഓഫീസിനു മുന്നില്‍ പ്രശ്നമുണ്ടാക്കിയത് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ്. തോക്കുസ്വാമി ഉള്‍പ്പെടെയുള്ളവരാണ് ഒപ്പമുണ്ടായിരുന്നത് എന്നാണറിയുന്നത്. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്നദ്ധനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ ഐ.ജി മനോജ് എബ്രഹാമിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും. ജിഷ്ണുവിന്റെ അമ്മയെ ചികിത്സ നല്‍കാന്‍ വേണ്ടിയാണ് കൊണ്ടുപോയത്. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ താന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം തന്നെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.

Tagged with: