ന്യൂദല്‍ഹി: സോഷ്യല്‍സൈറ്റുകള്‍ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ബാഹ്യപ്രേരണയാല്‍ നല്‍കിയതാണെന്നും അത് തള്ളണമെന്നും ആവശ്യപ്പെട്ട് ഇന്റര്‍നെറ്റ് കമ്പനികള്‍ കോടതിയില്‍. തങ്ങള്‍ക്കെതിരെയുള്ള ഹരജി പ്രേരിതമാണെന്നും ഇത് നിയമവ്യവസ്ഥയെ തന്നെ കളങ്കപ്പെടുത്തുമെന്നും അറിയിച്ച് യാഹു ഇന്ത്യ രംഗത്തുവന്നിരിക്കുകയാണ്. സിവില്‍കോടതിയില്‍ ഫയര്‍ചെയ്ത സത്യവാങ്മൂലത്തിലാണ് യാഹു ഈ പരാമര്‍ശം നടത്തിയത്.
തങ്ങളുടെ വെബ്‌സൈറ്റുകളില്‍ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ ഉണ്ടെന്ന് പരാതിക്കാര്‍ പ്രസ്താവിക്കുകമാത്രമാണ് ചെയ്തത്. അന്യായക്കാരനായ മുഫ്തി ഐജാസ് അര്‍ഷാദ് ക്വാസ്മി ഇത് തെളിയിക്കാന്‍ യാതൊരു രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും യാഹു വ്യക്തമാക്കുന്നു.
സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റല്ലാതെ യാഹുവിനെ അക്കൂട്ടത്തില്‍പ്പെടുത്തി പരാതി നല്‍കിയിരിക്കുന്നത് അന്യായക്കാരന്റെ തെറ്റായദ്ധാരണമൂലമാണ്. യാഹു സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റല്ല. ഇ.മെയില്‍, മെസഞ്ചര്‍ കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ നല്‍കുന്ന പോര്‍ട്ടല്‍മാത്രമാണ് യാഹു. സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളൊന്നും തങ്ങള്‍ നല്‍കുന്നില്ല. അന്യായക്കാരന്റെ ഈ തെറ്റ് കാരണം യാഹുവിന് നിരവധി തവണ വിചാരണ നടപടികള്‍ക്കായി കോടതിയിലെത്തേണ്ടിവന്നിട്ടുണ്ട്. ഇത് ധനനഷ്ടത്തിനും, നെഗറ്റീവ് പബ്ലിസിറ്റിക്കും കാരണമാകുകയും കമ്പനിയുടെ ബിസിനസിനെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നും യാഹു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കമ്പനിക്കുണ്ടായ മാനനഷ്ടത്തിന് അന്യായക്കാരനായ ക്വാസ്മിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും യാഹു ആവശ്യപ്പെട്ടട്ടുണ്ട്.
അതിനിടെ, ഇന്ത്യയില്‍ തുറന്നുനോക്കുന്ന മുഴുവന്‍ ഈമെയിലുകളും ഇന്ത്യന്‍ സെര്‍വറുകളിലൂടെ വഴിതിരിച്ചുവിടാന്‍, സേവനദാതാക്കളായ യാഹൂവിനോടും ഗൂഗിളിനോടും മറ്റ് കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത മെയില്‍ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാക്കാനാണ് തീരുമാനമെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഈമെയില്‍ അക്കൗണ്ടുകള്‍ രാജ്യത്തിനകത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യമെന്ന് കണ്ടാല്‍ അവ നിരീക്ഷിക്കാന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ നീക്കം.
അടുത്തയിടെ കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ.സിങിന്റെ
ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. എത്രയുംവേഗം ഇക്കാര്യം നടപ്പാക്കാന്‍ വിവിരസാങ്കേതികവിദ്യാ വകുപ്പിനോട് (ഡി.ഐ.ടി) യോഗം ആവശ്യപ്പെട്ടു.
ഈമെയില്‍ സേവനദാതാവായ യാഹൂവിന് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകള്‍ മുഴുവന്‍ ഇന്ത്യന്‍ സെര്‍വറില്‍ ഓട്ടോമാറ്റിക്കായി കണ്ടെത്താനാകുന്ന കാര്യം യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍, ഇന്ത്യയില്‍ ഉപയോഗിക്കുന്നതായാലും വിദേശത്ത് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടാണെങ്കില്‍ അതിന്റെ ഉള്ളടക്കം വിദേശത്തുള്ള സെര്‍വറുകള്‍ വഴിയാണ് ഇന്ത്യയില്‍ എത്തുന്നത്.
