എഡിറ്റര്‍
എഡിറ്റര്‍
ടീമായി ഒത്തിണങ്ങി കളിക്കുന്നതില്‍ പരാജയപ്പെട്ടു: ഛേത്രി
എഡിറ്റര്‍
Wednesday 15th August 2012 9:30am

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സിനായി ഇന്ത്യയില്‍ നിന്നും പോയ ടീമില്‍ ഏറ്റവും മോശമായ പ്രകടനം നടത്തിയ മത്സരം ഏതായിരുന്നെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാവുന്ന പേരാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റേത്.

Ads By Google

പങ്കെടുത്ത ടീമുകളില്‍ ഏറ്റവും അവസാനമായി മാത്രമേ ഇന്ത്യന്‍ ഹോക്കി ടീമംഗങ്ങള്‍ക്ക് സ്ഥാനം പിടിക്കാനായുള്ളു. ഒളിമ്പിക്‌സിലെ ഒരുമത്സരത്തില്‍ പോലും ജയിക്കാന്‍ കഴിയാതെയാണ് ടീം അവസാന പട്ടികയില്‍ ഇടം പിടിച്ചത്. ഒരു പക്ഷേ ഇത്രയും നാണംകെട്ട തോല്‍വി ഇന്ത്യന്‍ ടീമിന് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല.

ഇതിന് ഒരു പരിഹാരമെന്നോണം ആരാധകരോട് മാപ്പ് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ഭരത് ഛേത്രി. മോശം പ്രകടനം കാഴ്ചവെച്ചതില്‍ ടീം ഏറെ ദു:ഖിതരാണെന്നും കഴിവിന്റെ പകുതി പോലും ഗ്രൗണ്ടില്‍ എടുക്കാനായില്ലെന്നും ഛേത്രി പറഞ്ഞു.

‘കഴിവിന്റെ മുപ്പതുശതമാനം മാത്രമേ ടീമിന് പുറത്തെടുക്കാനായുള്ളൂ. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ല. ടീമായി ഒത്തിണങ്ങി കളിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ഓരോ മത്സരത്തിലും പിഴവുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം മാപ്പ് അപേക്ഷിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. എങ്കിലും രാജ്യത്തിന്റെ അഭിമാനം നിലനിര്‍ത്താന്‍ കഴിയാത്തതില്‍ ഏറെ വിഷമമുണ്ട്- ഛേത്രി പറഞ്ഞു.

എട്ട് തവണ ഒളിമ്പിക് ഹോക്കി ചാമ്പ്യന്‍മാരായ ഇന്ത്യ ലണ്ടനില്‍ ആറ് കളിയും തോറ്റ് ഏറ്റവും പിറകില്‍ 12-ാം സ്ഥാനത്തായിരുന്നു.

Advertisement