അഹമ്മദാബാദ്: ഒടുവില്‍ സച്ചിന്‍ സമ്മതിച്ചു, ഈ ലോകകപ്പ് തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും സുപ്രധാനപ്പെട്ട ടൂര്‍ണമെന്റാണെന്ന്. ആസ്‌ട്രേലിയക്കെതിരായ ക്വാര്‍ട്ടര്‍ മല്‍സരത്തിന് മുമ്പാണ് സച്ചിന്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.

ഈ ലോകകപ്പ് ഏറ്റവും പ്രധാനപ്പെട്ടതാണ്. ടീമിലെ എല്ലാ താരങ്ങളും ഇതിന്റെ പ്രാധാന്യം മനസിലാക്കണമെന്നും കിരീടം നേടാനായി മികച്ച പ്രകടനം നടത്തണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

സച്ചിന്റെ അവസാന ലോകകപ്പാണിതെന്നും അതുകൊണ്ടുതന്നെ ഇന്ത്യയുടെ മഹാനായ താരത്തിനുവേണ്ടി കപ്പ് നേടാന്‍ ടീം ശ്രമിക്കുമെന്നും ക്യാപ്റ്റന്‍ ധോണി നേരത്തേ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ ആറാം ലോകകപ്പിലാണ് സച്ചിന്‍ കളിക്കുന്നത്.

സച്ചിനൊപ്പം കളിച്ചവരെല്ലാം, ഗാംഗുലിയും ദ്രാവിഡും അടക്കമുള്ളവര്‍ കളി നിര്‍ത്തിയെങ്കിലും സച്ചിന്‍ ടീമിന് പ്രചോദനമായി കൂടെയുണ്ടായിരുന്നു. ഗ്രൗണ്ടിനകത്തും പുറത്തും യുവതാരങ്ങള്‍ക്ക് മികച്ച മാതൃക നല്‍കിയ സച്ചിന് ലോകകപ്പ് വിജയത്തിലൂടെ അവിസ്മരണീയമായ യാത്രയയപ്പ് നല്‍കാനാണ് ടീം ഇന്ത്യയുടെ ശ്രമം.