ഹമ്പന്‍ടോട്ട: ഏറെ പ്രതീക്ഷയുമായി ലോകകപ്പ് കളിക്കാനെത്തിയ പാക്കിസ്ഥാന്‍ ആരാധകരെ നിരാശരാക്കിയില്ല. കെനിയയെ 205 റണ്‍സ് എന്ന റെക്കോര്‍ഡ് സകോറിന് തകര്‍ത്തെറിഞ്ഞ് അവര്‍ ലോകകപ്പില്‍ പടയോട്ടം തുടങ്ങി. സ്‌കോര്‍. പാക്കിസ്ഥാന്‍ 7/317, കെനിയ 112 ന് എല്ലാവരും പുറത്ത്.

സ്‌ഫോടനാത്മകമായ തുടക്കമൊന്നും പാക്കിസ്ഥാന് ലഭിച്ചില്ല. ആദ്യ പത്തോവറില്‍ കൃത്യതയോടെ പന്തെറിഞ്ഞ കെനിയന്‍ ബൗളര്‍മാര്‍ പാക്കിസ്ഥാനെ വരിഞ്ഞു മുറുക്കി. പത്തോവറിനുള്ളില്‍ രണ്ടുവിക്കറ്റ് വീഴ്ത്താനും അവര്‍ക്കായി. 12 ന് രണ്ട് എന്ന നിലയില്‍ നിന്നും ഒത്തുചേര്‍ന്ന കമ്രാന്‍ അക്മലും യൂനിസ് ഖാനും സ്‌കോര്‍ 100 കടത്തി.

55 റണ്‍സെടുത്ത കമ്രാനും 50 റണ്‍സെടുത്ത യൂനിസും പെട്ടെന്ന് പുറത്തായെങ്കിലും മിസ്ബാ ഉള്‍ ഹഖും (65) ഉമര്‍ അക്മലും (71) പാക്കിസ്ഥാനെ 300 കടക്കാന്‍ സഹായിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ക്യാപ്റ്റന്‍ അഫ്രീഡി പന്തെറിയാനെത്തിയതോടെ കളിയുടെ ഗതി മാറി. എട്ടോവറില്‍ വെറും പതിനാറ് റണ്‍സ് മാത്രം വഴങ്ങി ക്യാപ്റ്റന്‍ വീഴ്ത്തിയത് അഞ്ചുവിക്കറ്റ്. ഒടുവില്‍ കെനിയയുടെ അവസാന ബാറ്റ്‌സ്മാനും കൂടാരം കയറുമ്പോള്‍ പാക്കിസ്ഥാന്‍ ലോകകപ്പിലെ ഏറ്റവും മികച്ച വിജയം തങ്ങളുടെ പേരില്‍ കുറിക്കുകയായിരുന്നു. ഉമര്‍ അക്മലാണ് കളിയിലെ താരം.

ഗ്രൂപ്പ് എ: ടീം, പോയിന്റ്
a ന്യൂസിലാന്‍ഡ്- 2
b ശ്രീലങ്ക -2
c കാനഡ -0
d കെനിയ -0
e ആസ്‌ട്രേലിയ -2
f പാക്കിസ്ഥാന്‍ -2
g സിംബാവേ -0

ഗ്രൂപ്പ് ബി: ടീം, പോയിന്റ്
a ഇന്ത്യ -2
b ബംഗ്ലാദേശ് -0
c ഇംഗ്ലണ്ട് -2
e ദക്ഷിണാഫ്രിക്ക -0
f വെസ്റ്റ്ഇന്‍ഡീസ് -0
g അയര്‍ലാന്റ് -0
h നെതര്‍ലാന്റ് -0