ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും മുന്‍നിര താരമായ വെയ്ന്‍ റൂണിയുടെ പിതാവിനെയും അമ്മാവനെയും ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്തു. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലെ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ടാണ് ഇരുവരുമടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തത്.

ഒത്തുകളിയുമായി ബന്ധപ്പെട്ട് റൂണിയുടെ രണ്ടു ബന്ധുക്കള്‍ അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച പോലീസ് പക്ഷെ ഇവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല. ലിവര്‍പൂളിലെ വസതിയില്‍ നിന്നാണ് സീനിയര്‍ റൂണിയെ പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റിയുടെ മറ്റ് ചില ഭാഗങ്ങളില്‍ നിന്നാണ് ശേഷിച്ചവരെ പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ ഹേര്‍ട്‌സും, മതര്‍വെല്ലും തമ്മില്‍ നടന്ന മത്സരത്തിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് റൂണിയുടെ പിതാവിനെയും അമ്മാവനെയും അറസ്റ്റു ചെയ്തിരിക്കുന്നത്.  മതര്‍വെല്ലിന്റെ മദ്ധ്യനിരതാരമായ സ്റ്റീവ് ജെന്നീസും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. റഫറിയോട് മോശമായി പെരുമാറിയതിനെതുടര്‍ന്ന് ജെന്നീസിനെ മത്സരത്തിനിടെ പുറത്താക്കിയിരുന്നു.