sports desk

പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് പ്രഖ്യാപിച്ച് വെയ്ന്‍ റൂണി എല്ലാവരേയും ഞെട്ടിച്ചുകളഞ്ഞു. ലക്ഷക്കണക്കിന് വരുന്ന ‘മാന്‍ യു ‘ ടീമിന്റെ ആരാധകരെ സങ്കടക്കടലിലാക്കിയാണ് ടീം വിടാന്‍ റൂണി തീരുമാനിച്ചിരിക്കുന്നത്.

തങ്ങള്‍ കേട്ടതൊന്നും സത്യമാകരുതേ എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍ ഇതുവരെ. എന്നാല്‍ ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് റൂണി പറഞ്ഞുവെന്ന കോച്ച് ഫെര്‍ഗ്യൂസന്റെ പ്രസ്താവനയോടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.

എന്താണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ റൂണിയെ പ്രേരിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. കോച്ച് ഫെര്‍ഗ്യൂസനുമായുള്ള അഭിപ്രായഭിന്നതകളാണ് കാരണമെന്ന് ചിലര്‍ പറയുമ്പോള്‍ ഭാര്യ കൊലീനുമായുള്ള പ്രശ്‌നങ്ങളാണ് മറ്റുചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതൊന്നുമല്ല, മോശം ഫോമും ടീമിലെ ഗിഗ്‌സ് അടക്കമുള്ള താരങ്ങളുടെ മികച്ച പ്രകടനവുമാണ് റൂണിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വേറെ ചിലര്‍ പറയുന്നത്.

കോച്ച് ഫെര്‍ഗ്യൂസനുമായുള്ള പ്രശ്‌നങ്ങളാണ് റൂണിയെ ചൊടിപ്പിച്ചതെന്ന അന്തിമ നിഗമനത്തിലേക്കാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ എത്തുന്നത്. സെപ്റ്റംബറില്‍ റെയ്‌ഞ്ചേഴ്‌സിനെതിരേ നടന്ന മല്‍സരത്തില്‍ റൂണിയെ കളിപ്പിച്ചിട്ടുണ്ടായിരുന്നില്ല. കാല്‍ക്കുഴക്കു പരിക്കേറ്റതിനാലാണ് താരത്തെ പരിഗണിക്കാതിരുന്നതെന്നാണ് കോച്ച് നല്‍കിയ വിശദീകരണം.

എന്നാല്‍ പരിക്കൊന്നുമില്ലെന്നും നന്നായി പരിശീലനം നടത്തിയിരുന്നുവെന്നും റൂണി പിന്നീട് വ്യക്തമാക്കി. ടീമിലെ മറ്റു മുന്നേറ്റതാരങ്ങളോട് ഫെര്‍ഗ്യൂസന് പ്രത്യേക വാല്‍സല്യം ഉള്ളതായും റൂണിക്ക് അനുഭവപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്.

2004 ലാണ് റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. കഴിഞ്ഞ സീസണില്‍ 45 കളികളില്‍ നിന്നായി 34 ഗോളുകള്‍ റൂണി നേടിയിരുന്നു. ടീമിനായി മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും ചൂടന്‍ സ്വഭാവം കാരണം പലപ്പോഴും റഫറിമാരുടെ താക്കീതിന് വിധേയമായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ തന്റെ പ്രകടനത്തിന്റെ ഏഴയലത്തുപോലുമെത്താന്‍ റൂണിക്ക് കഴിഞ്ഞിരുന്നില്ല.

റൂണി ക്ലബ്ബ് വിടുമെന്ന് ഉറപ്പായതോടെ ഏതു ക്ലബ്ബിലേക്കു ചേക്കേറുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിട്ടുണ്ട്. മാന്‍ യു വിന്റെ പ്രധാന എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കായിരിക്കും താരം ചേക്കേറുകയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ റൂണിയുമായി ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് സിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ മികച്ച ഫോമില്‍ നില്‍ക്കുന്ന റൂണിയെ എത്രകോടി മുടക്കിയായാലും ടീമിലെത്തിക്കാന്‍ സിറ്റി തയ്യാറാകുമെന്നാണ് പരസ്യമായ രഹസ്യം.

റൂണി യുണൈറ്റഡ് വിടുന്നതോടെ പകരക്കാരന്‍ ആരാകുമെന്ന ചര്‍ച്ചയും ചൂടുപിടിച്ചുകഴിഞ്ഞു. ഫ്രഞ്ച് താരം കരിം ബെന്‍സെമ, അത്‌ലറ്റിക്കോ മാഡ്രിഡ് താരം സെര്‍ജി അഗ്യൂറോ, ഓള്‍ഡ് അജാക്‌സിന്റെ ജാന്‍ ഹണ്ടലാര്‍, റയലിന്റെ കക്ക എന്നിവരാണ് ‘ഹോട്ട് ഫേവറിറ്റുകളായി ‘ പരിഗണനിയിലുള്ളത്. റൂണിയുടെ രാജിയും പുതിയ കരാറുമായിരിക്കും ശതകോടികള്‍ തിരിഞ്ഞുമറിയുന്ന ക്ലബ്ബ് ഫുട്‌ബോള്‍ ലോകത്തെ ഇനി ചൂടുപിടിപ്പിക്കാന്‍ പോകുന്നത്.