കോഴിക്കോട്: സൗദി അറബ്യയിലെ ദമാമില്‍ മരണപ്പെട്ട പൊഴുതന അച്ചൂര്‍ സ്വദേശി ചക്കാലക്കല്‍ പ്രകാശ് ദാമോദരന്റെ (55) മൃതദേഹം നാട്ടിലെത്തിച്ചു.

ഇന്ന് രാവിലെ പത്തു മണിയോടുകൂടി എയര്‍ഇന്ത്യ വിമാനത്തിലാണ് പ്രകാശ് ദാമോദരന്റെ ഭൗതികശരീരം എത്തിച്ചത്.

ഭൗതിക ശരീരം വീട്ടുകാര്‍ ഏറ്റുവാങ്ങി ജന്മനാടായ പൊഴുതനയിലെത്തിക്കും. മൃതദേഹത്തോടൊപ്പം വയനാട് സ്വദേശയായ അബ്ദുള്‍ നാസറായിരുന്നു അനുഗമിച്ചത്. മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ എംബാം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിബന്ധന തങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചെന്നും ഇദ്ദേഹം പറഞ്ഞു.


Dont Miss കേദാര്‍നാഥിനെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ യുവാവിന്റെ കടകത്തിച്ചു


മൃതദേഹം വൈകീട്ടോടുകൂടി വീട്ടുവളപ്പില്‍ സംസ്‌കരിക്കും. 22 വര്‍ഷമായി പ്രവാസിയായിരുന്ന പ്രകാശ് ദാമോദരന്‍ സൗദിയിലെ കൊറിയന്‍ എംബസിയിലെ ജീവനക്കാരനായിരുന്നു.

എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുപറഞ്ഞ് മൃതദേഹം കൊണ്ടുവരാന്‍ അനുവദിക്കാത്ത വിഷയം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്ന് കേന്ദ്ര ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ സുര്‍ജിത് സിങ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഹെല്‍ത്ത് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു.

പ്രവാസികള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

വിദേശത്തുനിന്ന് മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ എയര്‍ പോര്‍ട്ടില്‍ എത്തിക്കണമെന്ന പുതിയ വ്യവസ്ഥ അപ്രായോഗികവും അംഗീകരിക്കാനാവാത്തതുമാണെന്നും ഇത് പിന്‍വലിക്കണമെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഗള്‍ഫ് മേഖലയില്‍ നിന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാവശ്യമായ നടപടികളാണ് വേണ്ടത്. അടിയന്തിരമായി ഈ പ്രശ്‌നത്തില്‍ ഇടപെട്ട് പുതിയ വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമന്ത്രി തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.