തിരുവനന്തപുരം: വ്യാജരേഖ ഉപയോഗിച്ച് ജോലിനേടിയ കേസുമായി ബന്ധപ്പെട്ട് വയനാട് എ ഡി എമ്മിനെ സസ്‌പെന്‍ഡ് ചെയ്യും. റവന്യൂമന്ത്രി കെ പി രാജേന്ദ്രന്റെ നിര്‍ദേശപ്രകാരം കെ വിജയനെയാണ് സസ്‌പെന്‍ഡ് ചെയ്യുക.

തിങ്കളാഴ്ച്ച ഉച്ചമുതല്‍ സസ്‌പെന്‍ഷന്‍ നിലവില്‍ വരുമെന്ന് റവന്യൂവകുപ്പ് സൂചിപ്പിച്ചു. അതിനിടെ വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ മുരളീധരന്‍ വയനാട്ടിലെത്തി. കലക്ടര്‍ ഭാസ്‌കരനുമായി കമ്മീഷണര്‍ ചര്‍ച്ച നടത്തുകയാണ്. കലക്ട്രറേറ്റിലെ പ്രധാനരേഖകള്‍ അദ്ദേഹം പരിശോധിക്കും.

അതിനിടെ വിവാദവുമായി ബന്ധപ്പെട്ട പല ഫയലുകളും കലക്ട്രറേറ്റില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച്ച പതിനൊന്നുമണിക്കു മുമ്പായി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷണറോട് നിര്‍ദേശിച്ചിട്ടുണ്ട്.