സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാട്‌സണ്‍ അച്ഛനായി. വാട്‌സന്റെ ഭാര്യ ലീ ഫര്‍ലോങ് ഇന്നലെ സിഡ്‌നിയിലെ ആശുപത്രിയിലാണ് ഒരാണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. [innerad]

വില്‍ എന്നാണ് കുഞ്ഞിന്റെ പേര്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അച്ചടക്ക നടപടിയെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് വാട്‌സണെ പുറത്താക്കിയിരുന്നു.

കോച്ച് മിക്കി ആര്‍തറുടെ നിര്‍ദേശം അനുസരിക്കാതെ അച്ചടക്ക ലംഘനം നടത്തിയ ഷെയ്ന്‍ വാട്‌സണ്‍, പേസര്‍മാരായ മിച്ചല്‍ ജോണ്‍സണ്‍, ജെയിംസ് പാറ്റിന്‍സണ്‍, ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖാജ എന്നിവരെയാണ് മൂന്നാം ടെസ്റ്റിനുള്ള ടീമില്‍നിന്ന് ഒഴിവാക്കിയത്.

സെലക്ഷന്‍ കമ്മറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ച് വാട്‌സണ്‍ സിഡ്‌നിയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ കാണാനാണ് നാട്ടിലേക്ക് പോയതെന്ന് വാട്‌സണ്‍ പിന്നീട് വിശദീകരണം നല്‍കിയിരുന്നു.

സിഡ്‌നിയില്‍ വച്ച്  വാട്‌സണും ക്ലാര്‍ക്കും തമ്മില്‍ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു. 22 ന് ന്യൂദല്‍ഹിയില്‍ തുടങ്ങുന്ന നാലാം ടെസ്റ്റിന് മുന്‍പ്  ടീമിനൊപ്പം ചേരുമെന്ന് വാട്‌സണ്‍  ഉറപ്പ് നല്‍കിയതായി ക്ലാര്‍ക്ക് പറഞ്ഞു.

വാട്‌സണ്‍ ടീമില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇന്നലെ പ്രതികരിച്ചിരുന്നു.

താനും വാട്‌സനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും  കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാതെ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ച് പറയാനാണ് തനിക്കിഷ്ടമെന്നും ക്ലാര്‍ക്ക് പറഞ്ഞു.