ബാംഗ്ലൂര്‍: സ്വപ്‌നസമാനമായ തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതിരുന്ന കാനഡ ആസ്‌ട്രേലിയയോട് ഏഴുവിക്കറ്റിന്റെ തോല്‍വി ഇരന്നുവാങ്ങി നാട്ടിലേക്ക് മടങ്ങി. ലോകകപ്പിലെ തുടര്‍ച്ചയായ 32 ാം ജയംനേടി കംഗാരുക്കള്‍ ക്വാര്‍ട്ടറിലേക്കും. സ്‌കോര്‍: കാനഡ 211, ആസ്‌ട്രേലിയ 3/212. 94 റണ്‍സെടുത്ത ഓസീസ് ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണാണ് കളിയിലെ താരം.

നഷ്ടപ്പെടാനൊന്നുമില്ലാതെയാണ് കാനഡ തങ്ങളുടെ അവസാന മല്‍സരം കളിക്കാനിറങ്ങിയത്. ജോണ്‍ ഡേവിസണു ഹിരാല്‍ പട്ടേലും ആസ്‌ട്രേലിയന്‍ ബൗളിംഗിനെ ഗ്രൗണ്ടിന്റെ നാലുപാടും അടിച്ചൊതുക്കി. പത്തോവറില്‍ 71ന് ഒന്ന് എന്ന നിലയിലായിരുന്നു കാനഡ.

എന്നാല്‍ ആസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ പരിചയസമ്പന്നതക്കു മുമ്പില്‍ അവര്‍ക്ക് ഒരിക്കല്‍ക്കൂടി കാലിടറി. 150ന് 3 എന്ന നിലയില്‍ നിന്നും അവര്‍ 211ന് ഓള്‍ഔട്ടായി. ഹിരാല്‍ പട്ടേല്‍ മികച്ച പ്രകടനം നടത്തി 54 റണ്‍സ് നേടി. കംഗാരുക്കള്‍ക്കായി ബ്രെറ്റ് ലീ നാലും ടെയ്റ്റ്, ക്രേസ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

വാട്ട്‌സണും കൂട്ടാളി ഹാഡിനും ചേര്‍ന്ന് മറുപടി ബാറ്റിംഗില്‍ ആസ്‌ട്രേലിയക്ക് അതിവേഗ തുടക്കമാണ് നല്‍കിയത്. 90 പന്തില്‍ നാല് സികസറിന്റേയും ഒമ്പത് ബൗണ്ടറിയുടേയും സഹായത്തോടെ വാട്ട്‌സണ്‍ ഹൈവാട്ടില്‍ കത്തി. 88 റണ്‍സെടുത്ത് ഹാഡിന്‍ മികച്ച പിന്തുണ നല്‍കി. 35 ഓവറില്‍ ആസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നു.