എഡിറ്റര്‍
എഡിറ്റര്‍
വരള്‍ച്ച: സംസ്ഥാനത്ത് കുടിവെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയേക്കും
എഡിറ്റര്‍
Friday 10th August 2012 8:15am

തിരുവനന്തപുരം: മഴകുറഞ്ഞത് മൂലം കനത്ത വരള്‍ച്ചയാണ് ഇത്തവണയുണ്ടാവുകയെന്ന് കാലാവസ്ഥ പ്രവചനം വന്നിരുന്നു. സംസ്ഥാനത്തെ മിക്ക കുടിവെള്ള സംഭരണികളിലും ജലനിരപ്പ് വളരെ കുറവാണ്. ഇനിയും ഈ നില തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് കുടിവെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയേക്കും. ഇത് സംബന്ധിച്ച ആലോചനകള്‍ പുരോഗമിക്കുകയാണ്.

Ads By Google

തിരുവനന്തപുരം നഗരമാണ് ഏറ്റവുമധികം കുടിവെള്ള പ്രശ്‌നം നേരിടുന്നത്. നഗരത്തില്‍ കുടിവെള്ളം എത്തിക്കുന്ന പേപ്പാറ അണക്കെട്ടില്‍ 22 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ കുടിവെള്ള റേഷന്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്താവും ഏര്‍പ്പെടുത്തുക.

പേപ്പാറ അണക്കെട്ടില്‍ വെള്ളം കുറയുകയും നീരൊഴുക്ക് തീരെ കുറയുകയും ചെയ്താല്‍ കരമന, നെയ്യാര്‍, വാമനപുരം ആറ് എന്നിവിടങ്ങളില്‍ നിന്ന് തലസ്ഥാനത്തേക്ക് വെള്ളം എത്തിക്കാനുള്ള ബദല്‍ നിര്‍ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്. നെയ്യാര്‍ അണക്കെട്ടില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തിയായിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ നെയ്യാര്‍ അണക്കെട്ടിന്റെ സമീപത്തെ കുന്നില്‍ സ്ഥാപിച്ചിട്ടുള്ള കാളിപ്പാറ പദ്ധതിയില്‍ നിന്ന് തലസ്ഥാനത്തേക്ക് വെള്ളം എത്തിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുകയാണ്.

വരും ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചില്ലെങ്കില്‍ ഓണത്തിന് മുമ്പേ നഗരത്തില്‍ കുടിവെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തേണ്ടിവരും. മുഴുവന്‍ സമയവും കുടിവെള്ളം വിതരണം ചെയ്യുന്ന മേഖലകളെ നിശ്ചയിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കും. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അടിയന്തര ഉന്നതതല യോഗം കൂടി സംസ്ഥാനത്തെ കുടിവെള്ള വിതരണത്തിന്റെ സ്ഥിതി വിലയിരുത്തി.

30 ദിവസത്തേക്ക് വിതരണം ചെയ്യാനാവശ്യമായ വെള്ളം അവശേഷിക്കുമ്പോഴും 15 നാളിലേക്കാവശ്യമായ വെള്ളം അവശേഷിക്കുമ്പോഴും മുന്നറിയിപ്പ് നല്‍കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കിയാല്‍ അടുത്തയാഴ്ചയാകുമ്പോള്‍ തലസ്ഥാന നഗരിയില്‍ കുടിവെള്ളം സംബന്ധിച്ച് അവസാനവട്ട മുന്നറിയിപ്പ് നല്‍കേണ്ടിവരും.

കൊല്ലത്തും കുടിവെള്ള പ്രശ്‌നത്തിന് സാധ്യതയേറെയാണ്. അഷ്ടമുടി കായലിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ അഞ്ച് പമ്പിങ് യൂണിറ്റുകളില്‍ ഒരെണ്ണത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ജില്ലയുടെ പലഭാഗത്തും ഇതിനകം തന്നെ കുടിവെള്ളക്ഷാമം നിലനില്‍ക്കുന്നുണ്ട്.

പെരിയാറിലും മൂവാറ്റുപുഴയിലുമുള്ള നീരൊഴുക്ക് കാരണം കൊച്ചി നഗരത്തില്‍ നിലവില്‍ കുടിവെള്ള പ്രശ്‌നമൊന്നുമില്ലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവിടെയും സ്ഥിതി വഷളാകും. മലബാര്‍ മേഖലയില്‍ മഴ കനത്തതോടെ കുടിവെള്ളക്ഷാമം പ്രശ്‌നമാകില്ല.

കുടിവെള്ളത്തിനായി ആശ്രയിക്കുന്ന എല്ലാ അണക്കെട്ടുകളിലേയും ജലനിരപ്പ് സ്ഥിരമായി അവലോകനം ചെയ്യാനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. കുടിവെള്ളം പാഴാക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. മഴ പെയ്യാത്ത സാഹചര്യം തുടര്‍ന്നാല്‍ ബദല്‍ നടപടികള്‍ ആരംഭിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ വരള്‍ച്ച കെടുതി നേരിടാനായി ഉപസമിതിയെ നിയോഗിക്കും.

Advertisement