തിരുവനന്തപുരം: കുടിവെള്ളപ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയനോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

Ads By Google

ജലം ഊറ്റാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുകയും അതിന്റെ പങ്കു പറ്റാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

സിയാല്‍ മാതൃകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്പനി പാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജലം ഊറ്റാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നു. ഇതിന്റെ പങ്കുപറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും വി.എസ്.പറഞ്ഞു.

ജലവിതരണത്തിനു പുതിയ കമ്പനി രൂപീകരിക്കുന്നത് ജലഅതോറിറ്റിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നു മന്ത്രി പി.ജെ.ജോസഫ് മറുപടി നല്‍കി.

ജാറുകള്‍ വഴിയുള്ള കുടിവെള്ള വിതരണമാണു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.

സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും സര്‍ക്കാരിന്റെ വിശദീകരണം കേട്ടുകേട്ടു മടുത്തെന്നും അതുകൊണ്ട് തന്നെ പ്രതിഷേധസൂചകമായി ഇറങ്ങിപ്പോകുകയാണെന്നും വി.എസ് വ്യക്തമാക്കി.