മാര്‍ച്ച് 22 ലോക ജലദിനം

‘ലോകബാങ്ക് വൈസ് പ്രിസഡണ്ടായിരുന്ന ഇസ്മയീല്‍ സെരാഗെല്‍ഡിന്‍ വരും നാളുകളിലെ യുദ്ധങ്ങളെപ്പറ്റി 1995ല്‍ ഏറെ ഉദ്ദരിക്കപ്പെട്ട ഒരു പ്രവചനം നടത്തുകയുണ്ടായി. ഈ നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ എണ്ണക്ക് വേണ്ടിയായണെങ്കില്‍ വരുന്ന നൂറ്റാണ്ടിലെത് വെള്ളത്തിന് വേണ്ടിയായിരിക്കും.

ഇപ്പോള്‍ ലഭിക്കുന്ന പല വിവരങ്ങളും ഈ പ്രവചനം യാഥാര്‍ഥ്യമാവുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ഇസ്രായേല്‍ , ഇന്ത്യ, ചൈന, ബൊളീവിയ, കാനഡ, മെക്‌സിക്കോ, ഘാന, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ജനക്ഷാമം പത്രമാസികകളുടെയും അക്കാദമിക് പ്രസിദ്ധീകരണങ്ങളുടെയും തലവാചകങ്ങളാവുകയാണ്. 2001 ഏപ്രില്‍ 16ന് ഇറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിലെ മുഖ്യ വാര്‍ത്തകളിലൊന്ന് ടെക്‌സാസിലെ ജലക്ഷാമത്തെക്കുറിച്ചായിരുന്നു. സെരാഗെല്‍ഡിനെപ്പോലെ ന്യൂയോര്‍ക്ക് ടൈംസും ദീര്‍ഘ ദര്‍ശനം ചെയ്തത് എണ്ണയല്ല, വെള്ളമാണ് ദ്രവ രൂപത്തിലുള്ള സ്വര്‍ണം എന്നാണ്.

വെള്ളത്തിനായുള്ള യുദ്ധങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള കാര്യമല്ല. അത് വര്‍ത്തമാന കാല യാഥാര്‍ഥ്യമാണ്. ഒരു വേള അതിനെ ആ തരത്തില്‍ തിരിച്ചറിയാതെ പോവുന്നുവെന്നെയുള്ളൂ. ഈ യുദ്ധങ്ങള്‍ ഒരേ സമയം പരിപ്രേക്ഷ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും -ഒന്ന് വെള്ളത്തെ നാമെങ്ങിനെ അറിയുന്നതും അനുഭവിക്കുന്നതും എന്നതിന്‍മോലുള്ള സംഘര്‍ഷം- രണ്ട് തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് നടത്തുന്ന പാരമ്പര്യ യുദ്ധങ്ങള്‍– വന്ദന ശിവ(ജലയുദ്ധങ്ങള്‍ )

അസ്ഥികൂടങ്ങളായി മാറുന്ന പുഴകള്‍ , ഒഴുക്ക് നിലച്ച് ഓര്‍മ്മയായി മാറുന്ന നീര്‍ച്ചാലുകള്‍ , ഗുഹകളായി രൂപാന്തരം കൊള്ളുന്ന കിണറുകള് ,  വ‍റ്റിവരളുന്ന പുഴകള്‍ , കൊടും വേനലും വരള്‍ച്ചയും. ദാഹജലമെവിടെയെന്ന് മലയാളിയും ചോദിക്കുന്നു……. ആ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. ഈ ക്ഷാമം മുന്‍കൂട്ടിക്കണ്ടാണ് ജലകുത്തകകള്‍ സ്രോതസുകള്‍ വിലക്കെടുത്തത്. കിണറുകളിലെ വെള്ളം മാത്രമേ കുടിക്കുകയുള്ളൂവെന്ന് നിര്‍ബന്ധമെന്തിന്, നിങ്ങള്‍ക്കിതാ കുപ്പി വെള്ളങ്ങള്‍ .നിങ്ങള്‍ക്ക് കുപ്പി വെള്ളങ്ങള്‍ വിലകൊടുത്ത് വാങ്ങാം. വിലയെത്രയെന്ന് ചോദിക്കരുത്.

ഒട്ടുമിക്കതും നാം തന്നെ നശിപ്പിച്ചിരുന്നു. പുഴകള്‍ വഴിതിരിച്ച് വിട്ടു, കുളങ്ങള്‍ തൂര്‍ത്തു. തറകള്‍ സിമന്റിട്ട്, വെള്ളം കടലിലേക്കൊഴുക്കി- ഇത് കണ്ട് പലരും മുന്നറിയിപ്പ് നല്‍കിയെങ്കിലും എനിക്ക് ജീവിക്കണമെന്ന് നാം ഓരോരുത്തരും പറഞ്ഞ് കൊണ്ടിരുന്നു. ഇപ്പോള്‍ ജീവിതമെവിടെ? മണ്ണിനടിയിലെ നനവില്ലാതെ നാമെങ്ങിനെ ജീവിക്കും?. ഇല്ല, ഇതൊരു തിരിച്ചറിവല്ല, നാശത്തിന്റെ  പടുകുഴിയിലിരുന്നുള്ള വിലാപമാണ്.

അപ്പോഴാണ് അവര്‍ എത്തിയത്. പെരുമാട്ടിയിലും പ്ലാച്ചിമടയിലും, പുഴകള്‍ മലിനമാക്കിക്കൊണ്ടിരിക്കുന്ന ഓരോ വ്യവസായ ശാലകളും. വികസനം നമുക്ക്‌ വേണ്ടിയാണെന്ന് നാം പറയുന്നു. അപ്പോള്‍ പിന്നെ ജലം ആര്‍ക്കു വേണ്ടിയാണ്. വികസനം വരുമ്പോള്‍ കുറച്ചൊക്കെ സഹിക്കണമെന്ന് നാം പറയുന്നു. അപ്പോള്‍ ജലക്ഷാമവും അത്യുഷ്ണവും നാം തന്നെ സ്വയം സഹിക്കേണ്ടി വരും. വികസനം കൊണ്ട് അമിത ലാഭം കൊയ്ത മുതലാളിമാര്‍ മാത്രം അതിനെ അതീജീവിക്കും. രൂക്ഷമായ വരള്‍ച്ചക്കാലത്തും അവര്‍ വെള്ളം കൊണ്ട് ആഘോഷിക്കും. കാരണം ശേഷിച്ച നീരുറവകള്‍ വിലക്കെടുക്കപ്പെട്ടത് അവര്‍ക്ക് വേണ്ടിയാണ്.

നമുക്കായി അവര്‍ വലിയ ടാങ്കറുകളില്‍ വെള്ളം കൊണ്ട് തരും. അത് ഒരു പക്ഷെ സര്‍ക്കാറായിരിക്കും. സര്‍ക്കാര്‍ ആഗോളവത്കരണത്തിന്റെ ഏജന്റുമാരായിരിക്കുമ്പോള്‍ ആരും തെറ്റിദ്ധരിക്കേണ്ട അത് ‘നമ്മുടെ’ സര്‍ക്കാറാണെന്ന്. പേടിക്കേണ്ട, വെള്ളക്കടത്തിനായി ആഗോള കുത്തകകള്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. പെട്രോളൊഴുകുന്നത് പോലെ ഇനി വെള്ളമെത്തും. നൈലും ടൈഗ്രീസും നമ്മുടെ തന്നെ ജലസ്രോതസുകളും വിലക്കെടുക്കപ്പെട്ടത് നമുക്ക് വേണ്ടിയാണ്. അപ്പോഴേക്കും നമുക്ക് ശേഷിച്ച വെള്ളം കൂടി വറ്റിച്ച് കളയാം. മാര്‍ച്ച് 22 ലോക ജലദിനം, ബാക്കിയുള്ളത് നെടുവീര്‍പ്പുകള്‍ …