എഡിറ്റര്‍
എഡിറ്റര്‍
രാംജാസ് കോളജില്‍ പെണ്‍കുട്ടിയെ പുരുഷ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്: നിയമലംഘനം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകന്റെ ക്യാമറ പൊലീസ് തകര്‍ത്തു
എഡിറ്റര്‍
Friday 24th February 2017 12:52pm

ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള രാംജാസ് കോളജില്‍ ബുധനാഴ്ച രാത്രി നടന്ന സംഘര്‍ഷത്തിനിടെ കോളജിലെ പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദ ക്വിന്റാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കോളജിലെ ഒരു വിദ്യാര്‍ഥിനിയെ പുരുഷ പൊലീസുകാര്‍ പിന്നാലെ ഓടിച്ചിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കൂട്ടം പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചും പിടിച്ചുതള്ളിയും പെണ്‍കുട്ടിയെ വാനിനുള്ളിലേക്കു കയറ്റുന്നതാണ് വീഡിയോയില്‍ കാണുന്നത്.

സംഭവം നടന്ന രാംജാസ് കോളജിനു സമീപം വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉണ്ടെന്നിരിക്കെയാണ് പുരുഷ പൊലീസുകാര്‍ ഈ നിയമലംഘനം നടത്തിയത്. പുരുഷ പൊലീസുകാര്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്നത് നോക്കിനില്‍ക്കുന്ന വനിതാ പൊലീസുകാരെയും വീഡിയോയില്‍ കാണാം.

സി.ആര്‍.പി.സി സെക്ഷന്‍ 46 പ്രകാരം വനിതാ ഓഫീസര്‍ അല്ല പുരുഷ പൊലീസാണ് ഒരു സ്ത്രീയെഅറസ്റ്റു ചെയ്യുന്നതെങ്കില്‍ അദ്ദേഹം അറസ്റ്റിന് ഇരയാവുന്ന സ്ത്രീയെ സ്പര്‍ശിക്കാന്‍ പാടില്ല എന്നാണ് നിയമം എന്നിരിക്കെയാണ് ദല്‍ഹിയില്‍ പൊലീസ് ഇത്തരമൊരു അതിക്രമം കാണിച്ചിരിക്കുന്നത്.


Dont Miss സ്ത്രീ കേന്ദ്രീകൃത ചിത്രമെന്ന് പറഞ്ഞ് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു 


ഇതിനു പുറമേ സൂര്യാസ്തമയത്തിനുശേഷം ഒരു സ്ത്രീയെ അറസ്റ്റു ചെയ്യണമെങ്കില്‍ അതത് കുറ്റകൃത്യം ചെയ്ത പരിധിയില്‍ വരുന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്ന നിയമവും ഇവിടെ ലംഘിക്കപ്പെട്ടു.

പൊലീസിന്റെ ഈ നിയമലംഘനം വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച ക്വിന്റ് ക്യാമറാമാനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ക്യാമറാമാനെ തള്ളിമാറ്റിയ പൊലീസുകാര്‍ ക്യാമറ പിടിച്ചുവലിച്ചു നിലത്തെറിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റൊരു വിദ്യാര്‍ഥിനിയെ പുരുഷ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതും തുടര്‍ന്ന് ഷര്‍ട്ട് കീറുന്നതുമൊക്കെയുള്‍പ്പെട്ട മറ്റൊരു വീഡിയോയും പുറത്തായിട്ടുണ്ട്.

Advertisement