Categories

കൊലവറി കഴിഞ്ഞു,ഇനി ധനുഷിന്റെ സച്ചിന്‍ ഗാനം

ന്യൂദല്‍ഹി: കൊലവറി തരംഗം കെട്ടടങ്ങുന്നതിന് മുന്‍പ് മറ്റൊരു തരംഗം സൃഷ്ടിക്കാനായി ധനുഷ് ഒരുങ്ങുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവം എന്ന വിശേഷിപ്പിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ കുറിച്ചുള്ള വീഡിയോ ആല്‍ബത്തില്‍ ധനുഷ് പാടിക്കഴിഞ്ഞു.

കൊലവറിയെന്ന ‘തംഗ്ലീഷ്’ പാട്ട് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റുപാടിയതിനു പിന്നാലെയാണ് അടുത്ത വെടിക്കെട്ടിന് ധനുഷ് തിരികൊളുത്തുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് വേണ്ടി പാടാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ധനുഷ് വ്യക്തമാക്കി.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാന്‍ ഇതിനെ കാണുന്നത്. സച്ചിനു വേണ്ടി പാടാനായി എന്നെ ക്ഷണിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നമ്മുടെ രാജ്യത്തിന് വേണ്ടിയും അതിലുപരി ഇന്ത്യയുടെ തന്നെ അഭിമാനതാരമായ സച്ചിന് വേണ്ടിയും പാടാന്‍ അവസരം ലഭിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ആ ഭാഗ്യം എല്ലാവര്‍ക്കും കിട്ടിക്കോളണമെന്നില്ല. എന്നേക്കാള്‍ കഴിവുള്ള നിരവധി ആളുകളുണ്ട്. അതില്‍ നിന്നെല്ലാം മാറി എനിയ്ക്ക് ഈ അവസരം തന്നവരോട് നന്ദിയുണ്ട്. സച്ചിന് വേണ്ടിയുള്ള പാട്ട് പാടാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ മറുത്തൊന്നും ചിന്തിക്കാതെ ഞാന്‍ സമ്മതിക്കുകയായിരുന്നു. ഈ പാട്ട് പാടാനായി ഞാന്‍ നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്.’

എപ്പോഴെങ്കിലും സച്ചിനെ കാണാന്‍ സാധിച്ചാല്‍ അദ്ദേഹത്തോട് ഈ പാട്ടിനെ കുറിച്ച് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്.പക്ഷേ എന്നെ അദ്ദേഹം ഒരു പക്ഷേ അറിഞ്ഞുകൊള്ളണമെന്നില്ലെന്നും എങ്കിലും അദ്ദേഹത്തിനു വേണ്ടി പാടിയത് താനാണെന്ന് പറയണമെന്നും ധനുഷ് വ്യക്തമാക്കി.

ഈ പാട്ട് പാടുമ്പോള്‍ തനിയ്ക്ക് പരിഭ്രമമൊന്നും ഉണ്ടായിരുന്നില്ല. കാരണം കൊലവറി പാടുമ്പോള്‍ അത് ഇത്രയേറെ ഹിറ്റ് ആകുമെന്ന് കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ കൂള്‍ ആയാണ് ഈ പാട്ടും പാടിയത്. എന്റെ കഴിവിന്റെ പരമാവധി താന്‍് പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും ധനുഷ് വ്യക്തമാക്കി. പാട്ടിന്റെ ചിത്രീകരണം ഹൈദരാബാദിലും സമീപപ്രദേശങ്ങളിലുമായാണ് നടന്നത്.

കൊലവറിയിലൂടെ രജനീകാന്തിന്റെ മരുമകന്‍ എന്ന പേരില്‍ നിന്നും കൊലവറി പാടിയ ആള്‍ എന്ന രീതിയിലുള്ള ഐഡന്റിറ്റി കിട്ടാന്‍ തുടങ്ങി. അതില്‍ അതിയായ സന്തോഷമുണ്ടെന്നും ധനുഷ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.