തിരുവനന്തപുരം: പത്തനാപുരത്തെ പ്രസംഗത്തിലെ അശ്ലീലച്ചുവയുള്ള പ്രസ്താവനക്കെതിരെ വനിത വാച്ച് ആന്‍ഡ് വാര്‍ഡ് രജനി പി.സി ജോര്‍ജ്ജിനെതിരെ പരാതി നല്‍കും. നിയമസഭയിലെ കയ്യാങ്കളി സംബന്ധിച്ച വിഷയത്തില്‍ പി.സി ജോര്‍ജ് ഉന്നയിച്ച പരാമര്‍ശങ്ങള്‍ ദുസൂചന ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാകും പരാതി നല്‍കുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, സ്പീക്കര്‍ ജി കാര്‍ത്തികേയനും പരാതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ആഭാസം നിറഞ്ഞ പ്രസ്താവന നടത്തിയ വേദിയില്‍ നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷാംഗങ്ങള്‍ കൈയേറ്റം ചെയ്തത് പി.സി.ജോര്‍ജ് വിവരിച്ചത് സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുകയായിരുന്നു. ‘ടി.വി.രാജേഷിന്റെ നേതൃത്വത്തില്‍ രണ്ട് എം.എല്‍.എ.മാര്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ നെഞ്ചത്ത് പിടിച്ചുതള്ളി. സംഭവം ഞാന്‍ കണ്ടതാണ്. ആ സ്ഥലം പുരുഷ ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ പറ്റില്ല. അത്‌കൊണ്ട് ഞാനാണ് ആ കൊച്ചിനെ വനിതാ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കാന്‍ മുന്‍കൈ എടുത്തത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ തൊട്ടിട്ടില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. തൊടാതെ എങ്ങിനെയാണ് അവള്‍ ഒന്നിനും കൊള്ളാതാകുന്നത്’ എന്നായിരുന്നു പി.സി ജോര്‍ജ്ജ് പറഞ്ഞത്.

Subscribe Us:

വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എം.എല്‍.എമാര്‍ ശാരീരികമായി അപമാനിച്ചതായുള്ള പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ വനിതാ സംഘടനകളും സാംസ്‌കാരിക നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. നിയമസഭയിലെ സംഭവങ്ങള്‍ക്കു ശേഷം രജനി ഇതുവരെ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല.

പ്രസംഗത്തില്‍ മുന്‍ മന്ത്രി എ.കെ.ബാലനെ പി.സി ജോര്‍ജ്ജ് ജാതി പറഞ്ഞു ആക്ഷേപിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ‘അപ്പുറത്തൊരാളുണ്ട്, പട്ടിക ജാതിക്കാരനായതിനാല്‍ ഞാന്‍ ഒന്നും പറയുന്നില്ല. വൈദ്യുതി വകുപ്പും പട്ടിക ജാതി വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. എം.എ.ബേബിക്കും എ.കെ.ബാലനും തങ്ങള്‍ മന്ത്രിയല്ലെന്ന യാഥാര്‍ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളനായിട്ടില്ല. പട്ടിക ജാതിക്കാരനാണെങ്കിലും അവരുടെ ബുദ്ധിമുട്ട് അറിയാന്‍ ഒരു ദിവസം പട്ടികജാതിക്കാരുടെ വീട്ടില്‍ താമസിച്ചു. ഒന്നര ലക്ഷം രൂപയാണ് അതിനുവേണ്ടി അന്ന് ചെലവഴിച്ചത്’ എന്നായിരുന്നു പി.സി ജോര്‍ജ്ജ് പറഞ്ഞത്.

ജോര്‍ജിന്റെ പ്രസംഗത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും പാര്‍ട്ടിയുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എ.കെ ബാലന്‍ പ്രതികരിച്ചു.

എന്നാല്‍, പറഞ്ഞ കാര്യങ്ങളില്‍ ആക്ഷേപം തോന്നിയിട്ടില്ലെന്നും പത്തനാപുരത്ത് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്നും പി.സി ജോര്‍ജ്ജ് പ്രതികരിച്ചു.

Malayalam News