ചെന്നൈ:മാലിന്യം സംസ്‌കരണത്തിലെ പോരായ്മകള്‍ കേരളത്തിലുണ്ടാക്കുന്ന പ്രശ്‌നം കുപ്രസിദ്ധമാണ്. ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങള്‍ വാങ്ങിക്കൂട്ടി ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌കാരമാണ് കേരളത്തില്‍ മാലിന്യങ്ങള്‍ കുന്നകൂടാന്‍ കാരണം. ഇപ്പോള്‍ കേരളത്തിലെ മാലിന്യം തമിഴ്‌നാട്ടിലും തലവേദനയായിരിക്കയാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലാതായതോടെ അവ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുകയാണിപ്പോള്‍. ഇതിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

ഒരാഴ്ച മുമ്പ് കേരളത്തില്‍ നിന്നും മാലിന്യവുമായി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട നാല് ലോറികള്‍ അണ്ണാമലൈ പഞ്ചായത്ത് യൂണിയനിലെ ജനങ്ങള്‍ തടഞ്ഞുവെച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അണ്ണാമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

ഇതിന് പിന്നാലെ മാലിന്യം തമിഴ്‌നാട്ടില്‍ നിക്ഷേപിക്കപ്പെടുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനായി മരുമലര്‍ചി ദ്രാവിഡ മുന്നേറ്റ കഴകം പെരിയാര്‍ ദ്രാവിഡ മുന്നേറ്റ കഴകം എന്നിവരുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുതള്ളുന്നതെന്ന് എം.ഡി.എം.കെ ടീം ജനങ്ങളോട് പറഞ്ഞു. ഇത് വളമല്ല. ഈ മാലിന്യം നമ്മുടെ ജലത്തെയും മണ്ണിനെയും വിഷമയമാക്കുമെന്നും ഇവര്‍ ജനങ്ങളെ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ബോധവത്കരണ റാലിക്ക് തൊട്ടുമുന്‍പ് ഉദയംകുളം ടൗണ്‍ പഞ്ചായത്തിലെ ഒത്തകാഡൈയില്‍ അതിര്‍ത്തി കടന്നെത്തിയ ഒരു ലോറി മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ ചാര്‍ജുള്ള എ. നാഗമുത്തു അണ്ണാമലൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നിക്ഷേപിക്കപ്പെടുന്ന മാലിന്യം വളമാണെന്ന് പറഞ്ഞ് നിഷ്‌കളങ്കരായ ജനങ്ങളെ വഞ്ചിച്ചാണ് കേരളത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇവിടെ കൊണ്ടുതള്ളുന്നതെന്ന് പ്രദേശവാസിയായ ആര്‍ വേലുച്ചാമി പറഞ്ഞു. പുറംമ്പോക്കുകളിലും, വന്രദേശങ്ങളിലും, ജലസ്‌ത്രോതസ്സുകളുടെ സമീപവും തരിശ് ഭൂമിയിലും റോഡുസൈഡുകളിലും യാതൊരു ശ്രദ്ധയുമില്ലാതെ മാലിന്യങ്ങള്‍ തള്ളിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു. അഥവാ ഇത് പാട്ടഭൂമിയാണെങ്കില്‍ ഒരു ലോറിമാലിന്യത്തിന് 1000 രൂപയെന്ന നിലയില്‍ ഭൂഉടമ ഇത് നീക്കാന്‍ ചിലവാക്കേണ്ടി വരുന്നു.

നദിക്കരയിലും മറ്റും നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ വന്യജീവികളെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.