കൊച്ചി: ഐസ്‌ക്രീം കിട്ടിയാല്‍ മുന്നും പിന്നും നോക്കാതെ കഴിക്കുന്നവരാണ് മിക്കയാളുകളും. എന്നാല്‍ ഇനി ഐസ്‌ക്രീം കഴിക്കുമ്പോള്‍ കുറച്ചൊന്ന് ശ്രദ്ധിക്കണമെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സി (ബി.ഐ.എസ്) മുന്നറിയിപ്പ് നല്‍കുന്നത്. ഐസ്‌ക്രീമില്‍ അലക്കുപൊടി കണ്ടെത്തിയതാണ് ഈയൊരു മുന്നറിയിപ്പിന് പിന്നില്‍.

ഐസ്‌ക്രീം കഴിച്ചശേഷം  വയറിന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ, അതില്‍ നിശ്ചിത ശതമാനം അലക്കുപൊടിയുണ്ടാകും. ഐസ്‌ക്രീം പതച്ച് പൊങ്ങാനായി വാഷിങ് പൗഡറാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൊച്ചിയില്‍ ബി.ഐ.എസ് സംഘടിപ്പിച്ച ‘ഭക്ഷ്യസുരക്ഷയില്‍ മാനദണ്ഡങ്ങളുടെ പങ്ക്’ എന്ന ദേശീയ സെമിനാറില്‍ കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഭാരവാഹിയായ ഡോ. സീതാറാം ദീക്ഷിത് അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുള്ളത്.

കേരളത്തില്‍ ഏറ്റവുമധികം മായം ചേര്‍ക്കുന്ന ഭക്ഷ്യവസ്തു പാലാണെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് സെമിനാറിന്റെ വിലയിരുത്തല്‍. സെമിനാര്‍ കേന്ദ്രസഹമന്ത്രി പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷനായി. ബിഐഎസ് ഡയറക്ടര്‍ ജനറല്‍ അലിന്‍ഡ ചന്ദ്ര, പി കെ ഗംഭീര്‍, കെ അംബരീഷ് എന്നിവര്‍ സംസാരിച്ചു.

ഡോ. ബി ശശികരണ്‍, ഡോ. സൂര്യ കല്യാണി, ദീപക് മാത്തൂര്‍, അഭിലാഷ് തന്‍വര്‍, ഡോ. ജി വെങ്കിടേശ്വരറാവു, ഡോ. ആര്‍.കെ ബജാജ്, ഡോ. സീതാറാം ദീക്ഷിത്, ഡോ. എ.എസ് ബാവ, ഷബീര്‍ അലി, ഡി ശിവകുമാര്‍, വി ഗോപിനാഥ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ നദികള്‍ മലിനമാണെന്നും കുടിവെള്ളം മാലിന്യമുക്തമാക്കാന്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കണമെന്നും കേന്ദ്രസഹമന്ത്രി കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മായംചേര്‍ക്കല്‍ നിയന്ത്രിക്കുന്നതിന് ലീഗല്‍മെട്രോളജിവകുപ്പ് കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് നടന്ന സമാപനസമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണര്‍ ബിജു പ്രഭാകര്‍ സംസാരിച്ചു.