എഡിറ്റര്‍
എഡിറ്റര്‍
മദര്‍ തെരേസയുടെ ‘വാഴ്ത്തപ്പെട്ടവള്‍’ പദവി മാധ്യമ കാമ്പയിന്‍ മൂലമോ?
എഡിറ്റര്‍
Monday 4th March 2013 10:24am

ലണ്ടന്‍: മദര്‍ തെരേസയുടെ വാഴ്ത്തപ്പെട്ടവള്‍ പദവി മാധ്യമ കാമ്പയിന്‍ മൂലമാണെന്ന് പഠനം. മോണ്‍ട്രിയന്‍ സര്‍വകലാശാലയിലെ ഗവേഷകരായ സെര്‍ജ് ലാരിവീ, ജെനവീവ് ചെനാഡ് എന്നിവരും ഓട്ടവ സര്‍വകലാശാലയിലെ കരോള്‍ സെനചലും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

മദര്‍ തെരേസ തന്റെ ആശ്രമത്തിന് ലഭിച്ചിരുന്ന ധനസഹായം ചിലവഴിക്കുന്നതില്‍ പിശുക്ക് കാണിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.  മതശാസ്ത്ര പഠന ജേണലായ ‘റിലിജിയുസിസി’ല്‍  പ്രസിദ്ധീകരിക്കാനിരിക്കുന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

Ads By Google

കഷ്ടപ്പാടുകളെ ഉന്മൂലനം ചെയ്യാതെ അതിനെ മഹത്വവത്കരിക്കാനാണ് മദര്‍ ശ്രമിച്ചത്. മദറിന്റെ ‘മിഷനറീസ് ഓഫ് ചാരിറ്റി’ക്കു കീഴില്‍ പ്രവര്‍ത്തിച്ച നിരവധി സേവന കേന്ദ്രങ്ങളില്‍ മതിയായ ഡോക്ടര്‍മാരോ സൗകര്യങ്ങളോ മരുന്നോ ഉണ്ടായിരുന്നില്ല.

ലക്ഷക്കണക്കിന് പണം സഹായമായി ലഭിച്ചിരുന്ന മദറിന്റെ കേന്ദ്രങ്ങളില്‍ പലയിടത്തും വൃത്തിഹീനമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ നീളുന്നു മദറിനെ കുറിച്ചുള്ള ലേഖനത്തിലെ വിശദാംശങ്ങള്‍.

മദറിനെ വാഴ്ത്തപ്പെട്ടവള്‍ പദവിക്ക് അര്‍ഹയാക്കിയ രോഗനിവാരണം ചികിത്സമൂലമാണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ വാദിച്ചിരുന്നു. ഇത് വത്തിക്കാന്‍ മുഖവിലക്കെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

മദറിന്റെ ധനവിനിയോഗത്തിലെ പ്രശ്‌നങ്ങള്‍, ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലെ യാഥാസ്ഥിതിക കാഴ്ചപ്പാട് തുടങ്ങിയവ വത്തിക്കാന്‍ പരിഗണിച്ചില്ലെന്നും ലേഖനത്തില്‍ പറയുന്നു.

മദറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതെ ശക്തമായ മാധ്യമ കാമ്പയിന്‍ മൂലമാണ് വത്തിക്കാന്‍ മദര്‍ തെരേസയ്ക്ക് വാഴ്ത്തപ്പെട്ടവള്‍ പദവി നല്‍കിയതെന്നാണ് പഠനത്തില്‍ പറയുന്നത്.

എന്തായാലും ലേഖനം പുറത്തിറങ്ങുന്നതിന് മുമ്പേ വിവാദത്തിലായിരിക്കുകയാണ്. ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കോണുകളില്‍ നിന്ന് ശബ്ദം ഉയരുന്നുണ്ട്.

Advertisement