പാലക്കാട്: അധികാരത്തിലേറുന്ന ഇടതുമുന്നണിയെ വി.എസ് അച്യുതാനന്ദന്‍ നയിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി ശിവദാസമേനോന്‍. മലമ്പുഴ മണ്ഡലത്തിലെ വി.എസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എസ് കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാണ്. അതിന് മുഖ്യമന്ത്രിയെന്ന നിലയില്‍ നേതൃത്വം നല്‍കാന്‍ വി.എസിന് കഴിഞ്ഞു. കേരളത്തിലെ മാഫിയകളുടെ മുഴുവന്‍ പേടിസ്വപ്‌നമായി മാറിയിരിക്കയാണ് വി.എസ് ഇപ്പോള്‍. അഴിമതിക്കെതിരെ വി.എസ് നടത്തിയ പോരാട്ടങ്ങള്‍ കേരളത്തിന് മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലെത്തിയ വി.എസിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ഉണ്ണി, ഡി.വൈ.എഫ് നേതാവ് എം.പി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വി.എസിനെ സ്വീകരിക്കാനെത്തിയത്. തനിക്ക് പ്രായത്തിന്റെ അവശകതകളൊന്നുമില്ലെന്നും ജനങ്ങളെ കാണുമ്പോള്‍ ആരോഗ്യം പതിന്‍മടങ്ങ് വര്‍ധിക്കുമെന്നും വി.എസ് ട്രെയിനില്‍ ഇന്ത്യാവിഷന്‍ ചാനലിനോട് പറഞ്ഞു.

ഇടതുസര്‍ക്കാര്‍ തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വിജയത്തിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ സ്‌റ്റേഷനിലെത്തിയ മുഖ്യമന്ത്രിയെ ജനത്തിരക്ക് കാരണം അരമണിക്കൂര്‍ കൊണ്ടാണ് പുറത്തേക്കെത്തിച്ചത്. സ്ഥാനാര്‍ഥിയായ ശേഷം ആദ്യമായാണ് വി.എസ് പാലക്കാട്ടെത്തിയത്.