ലണ്ടന്‍ :അമേരിക്കയുമായുള്ള കടുത്ത അഭിപ്രായ വത്യാസം തുടരുന്ന ഇറാനെതിരെ യു എസ് സൈനിക നീക്കത്തിന് സന്നാഹമൊരുക്കുന്നതായി സൂചന. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ ദ്വീപിലെ സൈനികത്താവളത്തിലേക്ക് അമേരിക്ക 387 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അയച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ ‘സണ്‍ഡേ ഹെറാള്‍ഡ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാനിലെ ഭൂഗര്‍ഭ ആണവ നിലയങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങള്‍ അയച്ചതെന്നാണ് കരുതപ്പെടുന്നത്. കാലിഫോര്‍ണിയയിലെ കോണ്‍കോര്‍ഡില്‍ നിന്ന് കപ്പല്‍മാര്‍ഗമാണ് 10 കണ്ടെയ്‌നറുകളില്‍ ആയുധങ്ങള്‍ കൊണ്ട് പോകുന്നത്. ഗള്‍ഫ് മേഖലയിലെ ആക്രമണത്തിന് അമേരിക്ക ആയുധങ്ങള്‍ ഒറുക്കുന്നത് ഡീഗോ ഗാര്‍ഷ്യയിലാണ്. 2000 പൗണ്ടുള്ള ‘ബ്‌ളൂ – 117’ ഇനത്തില്‍പ്പെട്ട ബോംബുകള്‍ക്ക് കനത്ത കോണ്‍ക്രീറ്റ് പാളികള്‍കൊണ്ട് ഭദ്രമാക്കിയ ഭൂഗര്‍ഭ അറകള്‍ പോലും തകര്‍ക്കാന്‍ കഴിയും. ഇത്തരത്തിലുള്ള 192 ബോബംുകള്‍ അയച്ചിട്ടുണ്ട്.

ഇറാനുമായി ഇപ്പോള്‍ നടക്കുന്ന നയതന്ത്ര അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ആക്രമണമുണ്ടാകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ആണവായുധം നിര്‍മ്മിക്കുന്നതില്‍ നിന്ന് ഇറാനെ തടയുക മാത്രമല്ല അമേരിക്കയുടെ ലക്ഷ്യം. അവിടെ നിലവിലുള്ള നെജാദ് സര്‍ക്കാറിനെ അട്ടമറിക്കുക അമേരിക്കയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. നേരത്തെ നെജാദിനെതിരെ അമേരിക്കന്‍ പിന്തുണയോടെ നടത്തിയ പ്രക്ഷോഭം വിജയം കണ്ടിരുന്നില്ല. ഒരു ആക്രമണമുണ്ടായാല്‍ ഭരണമാറ്റമുണ്ടാവുമെന്നാണ് അമേരിക്കന്‍ ചിന്ത. അമേരിക്കന്‍ നീക്കത്തിന് പിന്നില്‍ ഇസ്രായേലിന്റെ കരങ്ങളുമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.