എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാനോട് പ്രതികാരം ചെയ്യണമെന്ന് ബി.ജെ.പി, വേണ്ടത് നയതന്ത്രമെന്ന് കോണ്‍ഗ്രസ്
എഡിറ്റര്‍
Tuesday 15th January 2013 1:08pm

ന്യൂദല്‍ഹി:  ഇന്ത്യയുടെ രണ്ട് സൈനികരെ വധിച്ച പാക്കിസ്ഥാനോട് വേണ്ടത് നയതന്ത്ര സംഭാഷണമല്ല മറിച്ച് യുദ്ധനടപടിയാണെന്ന് ബി.ജെ.പി. ബി.ജെ.പി നേതാവ് സുഷമാ സ്വരാജാണ് പ്രതികരാനടപടിയാണ് വേണ്ടതെന്ന വാദവുമായി എത്തിയിരിക്കുന്നത്.

എന്നാല്‍ പ്രതികാര നടപടിയല്ല നയതന്ത്ര ഇടപെടലാണ് ഇപ്പോള്‍ വേണ്ടതെന്നാണ് കേന്ദ്ര മന്ത്രി മനീഷ് തിവാരിയുടെ നിലപാട്. ട്വിറ്ററിലൂടെയാണ് തിവാരി തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.

Ads By Google

പാക്കിസ്ഥാന്‍ വധിച്ച ഇന്ത്യന്‍ സൈനികന്‍ ഹേമരാജിന്റെ ഛേദിക്കപ്പെട്ട ശിരസ്സ് തിരിച്ച് തന്നില്ലെങ്കില്‍ പാക്കിസ്ഥാന്റെ പത്ത് തലകളെങ്കിലും കൊയ്യണമെന്ന സുഷമയുടെ പ്രസ്താവനയ്ക്ക് പിറകേയാണ് കോണ്‍ഗ്രസ് നേതാവ് തിവാരിയുടെ പരാമര്‍ശം.

ഇതോടെ ഇന്ത്യ-പാക്കിസ്ഥാന്‍ വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രണ്ട് തട്ടിലാണെന്ന് വ്യക്തമായി. അതേസമയം, പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുമുള്ള ഏത് ആക്രമണവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് കരസേന മേധാവി ബിക്രം സിങ് വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ നിന്നും പ്രകോപനം തുടരുകയാണെങ്കില്‍ സമയവും സാഹചര്യവും ഒത്തുവന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും ബ്രികം സിങ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന ഫഌഗ് മീറ്റിങ്ങിലും ഇന്ത്യ ശക്തമായ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചിരുന്നു.

അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. സംഭവത്തില്‍ പാക്കിസ്ഥാന്റെ വിശദീകരണം ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭ്യമായിട്ടില്ല.

Advertisement