എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന്റെ ഉപദേശം ആവശ്യമില്ല: ഷാരൂഖ് ഖാന്‍
എഡിറ്റര്‍
Wednesday 30th January 2013 10:13am

മുംബൈ: തനിക്ക് പാക്കിസ്ഥാന്റെ ഉപദേശം ആവശ്യമില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ സുരക്ഷിതരല്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ എല്ലാവരും ഇവിടെ സന്തോഷവാന്മാരും സുരക്ഷിതരുമാണ് ഷാരൂഖ് പറഞ്ഞു.

Ads By Google

ഷാരൂഖ് ഔട്ട് ലുക്ക് മാഗസിന് നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് വിവാദങ്ങളുടെ കാരണം.

ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്നും മറ്റുമുള്ള തെറ്റായ ധാരണകളാണ് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് ഉള്ളതെന്നും ഇത്തരക്കാരുടെ പ്രതിനിധിയായി ഇവര്‍ തന്നെ കണക്കാക്കുന്നുവെന്നും ഷാരൂഖ് അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തന്നെ രാജ്യസ്‌നേഹമില്ലാത്തവനായാണ് പലരും ചിത്രീകരിക്കുന്നതെന്നും രാജ്യം വിട്ടുപോകാന്‍ വരെ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ‘ബിയിങ് എ ഖാന്‍’ എന്ന അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഷാരൂഖിന്റെ ഈ പ്രസ്താവന ഏറ്റുപിടിച്ച പാക് ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സെയ്ദ് ഇന്ത്യയില്‍ അരക്ഷിതനാണെങ്കില്‍ ഷാരൂഖിന് പാക്കിസ്ഥാനിലേക്ക് സ്വാഗതം എന്ന് ക്ഷണിച്ചിരുന്നു.

പാക്കിസ്ഥാനില്‍ ഷാരൂഖാനെ ആദരിക്കുമെന്നും ഇന്ത്യയില്‍ അരക്ഷിതനാണെന്ന് അദ്ദേഹത്തിന്‍ തോന്നുന്നുണ്ടെങ്കില്‍ ഈ രാജ്യം തെരെഞ്ഞെടുക്കാവുന്നതാണെന്നും ഹാഫിസ് സെയ്ദ് പറഞ്ഞു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഷാരൂഖ് ഇന്ത്യയില്‍ അരക്ഷിതനാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഷാരൂഖിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

റഹ്മാന്‍ മാലിക്കിന്റെ പ്രസ്താവന വന്‍ വിവാദമാണ് ഇന്ത്യയില്‍ അഴിച്ചുവിട്ടത്. മാലിക്കിന്റെ പ്രസ്താവന അനവസരത്തിലാണെന്നും സ്വന്തം പൗരന്മാരുടെ സുരക്ഷയിലാണ് അദ്ദേഹം ആശങ്കപ്പെടേണ്ടതെന്നും ബി.ജെ.പി തുറന്നടിച്ചു.

പൗരന്മാരെ സംരക്ഷിക്കാന്‍ ഇന്ത്യ പര്യാപ്തമാണ്. മാലിക്കിന്റെ അഭിപ്രായം പരിഹാസ്യമാണെന്നും ബി.ജെ.പി പറഞ്ഞു.

രാജ്യത്തെ പൗരന്മാരുടെ കാര്യം ഞങ്ങള്‍ നോക്കും. റഹ്മാന്‍ മാലിക് സ്വന്തം രാജ്യത്തിന്റെ സുരക്ഷയിലാണ് ആശങ്കപ്പെടേണ്ടതെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ് പറഞ്ഞു.

പൗരന്മാരെയെല്ലാം ഒരുപോലെയാണ് ഇന്ത്യ കാണുന്നത്. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മാലിക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് വാര്‍ത്താ വിതരണ മന്ത്രി മനീഷ് തിവാരി വ്യക്തമാക്കി.

Advertisement