ലണ്ടന്‍: ഫൈനല്‍ വരെയെത്തി നില്‍ക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ പാകിസ്ഥാന്റെ യാത്രയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ബൗളര്‍ മുഹമ്മദ് ആമിറോ ജുനൈദ് ഖാനോ ആയിരുന്നില്ല. യുവതാരം ഹസന്‍ അലിയാണത്. ഹസനിലാണ് പാക് ടീമിന്റെ കിരീട സ്വപ്‌നവും വിശ്രമിക്കുന്നത്.

ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ പോലും പഴുത് കണ്ടെത്താനുള്ള കഴിവാണ് ഹസനെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പിലുള്ള ഹസന്‍ തന്നെയാണ് ബൗളിംഗ് ശരാശരിയിലും ഒന്നാമന്‍.

എന്നാല്‍ ബൗളിംഗ് മികവിനോടൊപ്പം തന്നെ ഹസനെ ശ്രദ്ധേയനാക്കിയത് ആശാന്റെ പ്രത്യേക ആഘോഷ രീതിയുമാണ്. ഓസീസ് താരം ബ്രെറ്റ് ലീയുടെ മുഷ്ടി ചുരുട്ടല്‍ ആക്ഷനും പാകിസ്ഥാന്റെ ത്‌ന്നെ ഷാഹിദ് അഫ്രീദിയുടെ കൈകള്‍ വിരിച്ചു പിടിച്ചുള്ള നില്‍പ്പും കൂടി ചേര്‍ന്നതാണ് ഹസന്റെ ആക്ഷന്‍. ബോംബ് പൊട്ടല്‍ സ്റ്റൈലെന്ന് ആരാധകരും ഹസനും വിളിക്കുന്ന ഈ രീതി സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.


Also Read: ‘ട്രോളുന്നവര്‍ അറിയണം ജഡിലശ്രീ കുമ്മനംജീ എന്തിന് മെട്രോയില്‍ കയറിയെന്ന്’ ഉദ്ഘാടന യാത്രയില്‍ വലിഞ്ഞു കയറിയ കുമ്മനത്തെ വറുത്തെടുത്ത് സോഷ്യല്‍ മീഡിയ


കുട്ടികളടക്കം നിരവധി പേരാണ് ഈ രീതി അനുകരിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹസന്‍ പറയുന്നതാകട്ടെ, ഇന്ത്യയോടുള്ള ഫൈനലില്‍ തനിക്ക് ഇന്ത്യന്‍ ടീമിനു മേല്‍ മൂന്നോ നാലോ ബോംബിടണമെന്നാണ്. ബോംബിടെല്ലെന്നാല്‍ ഹസന്റെ ആഘോഷ രീതി തന്നെയാണേ..

പ്രമുഖ പാകിസ്താന്‍ മാധ്യമമായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് ഹസന്റെ തന്റെ ആഗ്രഹം വ്യക്തമാക്കിയത്. നാളെ നടക്കുന്ന ഫൈനലില്‍ ഹസന്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്നതില്‍ യാതൊരു സംശയവുമില്ല. ഹസനെ നേരിടാന്‍ നന്നായി തന്നെ കോഹ് ലിയ്ക്കും കൂട്ടര്‍ക്കും പാടുപെടേണ്ടി വരുമെന്നുറപ്പാണ്.