ഗുര്‍ഗാണ്‍: മികച്ച ടെസ്റ്റ് തരമായി ഓര്‍മിക്കപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സമാന്‍ യുവരാജ് സിങ്. ക്രിക്കറ്റര്‍ എന്ന നിലയില്‍ തന്റെ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയൊള്ളുവെന്നും യുവരാജ് പറഞ്ഞു.

ഇന്ത്യയുടെ ഏകദിന,ടി-20 ടീമിലെ മികച്ച താരങ്ങളിലൊരാളായി പരിഗണിക്കപ്പെടുന്ന യുവരാജ് ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിദ്ധ്യമല്ല്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരായ പരമ്പരക്ക് ശേഷം ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായ യുവി വെസ്റ്റിന്‍ഡീസിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തിയിരുന്നെങ്കിലും പരിക്ക് കാരണം ഇടക്ക് വെച്ച് പിന്‍വാങ്ങേണ്ടി വന്നു. എങ്കിലും മികച്ച ടെസ്റ്റ് താരമായി അറിയാപ്പെടാനാണ് ആത്യന്ത്യകമായി താന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ താരം വെളിപ്പെടുത്തി.

‘ടെസ്റ്റ് കരിയറില്‍ ശ്രദ്ധ ചെലുത്തേണ്ട സമയമായിരിക്കുന്നു. ക്രിക്കറ്റിന്റെ ദൈര്‍ഘ്യമേറിയ മത്സരമായ ടെസ്റ്റിലെ മികച്ച കളിക്കാരനായി അറിയപ്പെടാനാണ് എനിക്ക് ആഗ്രഹം. അവസരം കിട്ടുമ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും പരിക്ക് വില്ലനായി അവതരിക്കാറാണ് പതിവ്. വരുന്ന വിന്‍ഡീസ്, ആസ്‌ട്രേലിയ പര്യാടനങ്ങളില്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിച്ച് ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യം’. യുവരാജ് പറഞ്ഞു.

കരിയറില്‍ നിരവധി തവണ ഉയര്‍ച്ച താഴ്ച്ചകളിലൂടെ കടന്ന് പോയത് കളിക്കാരന്‍ എന്ന നിലയില്‍ പക്വത കൈവരിക്കാന്‍ സഹായിച്ചെന്നും ഇന്ത്യന്‍ ആള്‍റൗണ്ടര്‍ വ്യക്തമാക്കി. എന്റെ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. തുടര്‍ച്ചയായ പരിക്കില്‍ നിന്നും തീര്‍ത്തും മോചിതനായ താന്‍ മത്സരത്തിനായി പൂര്‍ണമായും ഫിറ്റാണെന്നും യുവി പറഞ്ഞു.

28 വര്‍ഷത്തിന് ശേഷം ഈ വര്‍ഷം ആദ്യം ഇന്ത്യക്ക് ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ യുവരാജ് നിര്‍ണായക പങ്കാണ് വഹിച്ചത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത യുവരാജ് മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരത്തിനും അര്‍ഹനായിരുന്നു.